എരുമേലി: മുന്നറിയിപ്പില്ലാതെ വീടായ തന്റെ ഹോട്ടലിൽ എംഎൽഎ വന്നപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദത്തിലായി പൊറോട്ടയടിയും നിയമപഠനവുമായി സോഷ്യൽ മീഡിയയിൽ വൈറലായ അനശ്വര.
പൊന്നാട അണിയിച്ച് അനശ്വരയെ ആദരിച്ച എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പഠനത്തിന്റെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പഠനത്തിനാവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്.
കഴിഞ്ഞ ദിവസമാണ് സർവീസ് ആർമിയുടെ പ്രവർത്തനങ്ങൾക്കായി എരുമേലിയിൽ എത്തിയ എംഎൽഎ കുറുവാമുഴിയിൽ അനശ്വരയെ സന്ദർശിച്ചത്.
കുറുവാമുഴി കാശാൻകുറ്റിയിൽ സുബിയുടെ മകളായ അനശ്വര തൊടുപുഴ അൽ അസ്ഹർ ലോ കോളജിലെ അവസാന വർഷ എൽഎൽബി വിദ്യാർഥിനിയാണ്.
പിതാവ് നാട് വിട്ടുപോയ ശേഷം രണ്ട് പെണ്മക്കളുമായി കുടുംബവീട്ടിൽ ചെറിയ ഹോട്ടൽ തുടങ്ങിയ അമ്മയെ സഹായിച്ചു തുടങ്ങിയാണ് ഇളയ മകളായ അനശ്വര പൊറോട്ടയടി പരിശീലിച്ചത്.
അനശ്വര പൊറോട്ടയടിക്കുന്നതിന്റെ വീഡിയോ പകർത്തി സുഹൃത്തുക്കൾ കോളജിലെ ഫേസ്ബുക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതോടെയാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച് വൈറലായി മാറിയത്.
ഇപ്പോൾ ഏറെ സന്തോഷം ഉണ്ടെന്നും നല്ല മാർക്കോടെ നിയമ പഠനം പൂർത്തിയാക്കുമെന്നും അമ്മയെ സഹായിക്കുന്നത് തുടരുമെന്നും അനശ്വര സെബാസ്റ്റ്യൻ കുളത്തുങ്കലിനോട് പറഞ്ഞു.