ബംഗളൂരു സിനിമാ ലഹരിയിടപാടു കേസില്‍ സ്ത്രീ ആയതു കൊണ്ടു തന്നെ മനഃപൂര്‍വം കുടുക്കിയതാണെന്നു നടി രാഗിണി ദ്വിവേദി.
ജാമ്യം ലഭിച്ച് 6 മാസം പിന്നിട്ടെങ്കിലും, ഇതാദ്യമായാണ് കേസിനെക്കുറിച്ചു പൊതുവേദിയില്‍ താരം സംസാരിക്കുന്നത്.
വിജയപുരയില്‍ കോവിഡ് കുത്തിവയ്പ് ക്യാംപില്‍ പങ്കെടുക്കുകയായിരുന്നു രാഗിണി. ഈ കേസിലെന്നല്ല സമാനമായ സന്ദര്‍ഭങ്ങളിലെല്ലാം വെള്ളിവെളിച്ചത്തില്‍ നില്ക്കുന്ന സത്രീകളെ ഇത്തരത്തില്‍ കുടുക്കാന്‍ എളുപ്പമാണെന്നും അവര്‍ പറഞ്ഞു.
ബംഗളൂരു മയക്കുമരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദിയെ കഴിഞ്ഞ സെപ്റ്റംബറിലാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഏറെ വിവാദമായ കേസില്‍ നാലാമത്തെ അറസ്റ്റായിരുന്നു രാഗിണി ദ്വിവേദിയുടേത്. മയക്കുമരുന്ന് കടത്ത് സംഘവുമായി രാഗിണിക്ക് ബന്ധമുണ്ടെന്ന സൂചനകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നടിയെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് ഹാജരാകാമെന്നായിരുന്നു നടിയുടെ മറുപടി.
തുടര്‍ന്ന് സെര്‍ച്ച് വാറണ്ടുമായി ഉദ്യോഗസ്ഥര്‍ നടിയുടെ ബംഗളൂരുവിലെ വീട്ടിലെത്തി. വീട്ടില്‍ പരിശോധന നടത്തിയശേഷം ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ച നടിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രാഗിണിയുടെ അടുത്ത സുഹൃത്തും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ രവിശങ്കറിനെ അതിന് ഏതാനും ദിവസം മുമ്പ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
ഇയാള്‍ മയക്കുമരുന്ന് വിതരണക്കാരാനാണെന്നാണ് പൊലീസിനന്റെ കണ്ടെത്തല്‍. നഗരത്തിലെ മറ്റൊരു വ്യവസായിയായ രാഹുല്‍ ഷെട്ടിയെയെയും അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ സിനിമാ-സംഗീത മേഖലയിലെ കൂടുതല്‍ പ്രമുഖരെ വരും ദിവസങ്ങളിലും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് അന്ന് സൂചനകളുണ്ടായിരുന്നു.