കണ്ണൂർ: കണ്ണൂർ സേവറി ഹോട്ടലിനുനേരെയുണ്ടായ ബോംബേറിൽ നാണു കൊല്ലപ്പെട്ടത് കോൺഗ്രസുകാർക്ക് പറ്റിയ ഒരു കൈപ്പിഴയാണെന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവന വിവാദത്തിലേക്ക്.
അദ്ദേഹത്തിന്റെ പ്രസ്താവന കുറ്റസമ്മതമാണെന്ന് നാണുവിന്റെ ഭാര്യ ഭാർഗവി പറഞ്ഞു. ഈ സാഹചര്യത്തിൽ നാണുവിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കെ. സുധാകരനെതിരേ കേസെടുക്കണമെന്നും ഭാർഗവി ആവശ്യപ്പെട്ടു.
സേവറി ഹോട്ടൽ ജീവനക്കാരൻ നാണുവിന്റെ കൊലപാതകത്തിൽ സുധാകരൻ നടത്തിയത് കുറ്റസമ്മതമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജനും ആരോപിച്ചു.
1992 ജൂൺ 13നാണ് കണ്ണൂർ പഴയ ബസ്സ്റ്റാൻഡിനു സമീപത്തുള്ള സേവറി ഹോട്ടലിലെ ജീവനക്കാരനായ നാണുവിനെ ഒരുസംഘം ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്.
താൻ ജില്ലാ അധ്യക്ഷനായതിനുശേഷം സേവറി നാണുവല്ലാതെ കണ്ണൂരിൽ മറ്റൊരു സിപിഎം പ്രവർത്തകനും കൊല്ലപ്പെട്ടിട്ടില്ലെന്നും അങ്ങനെയല്ലാതെ ഒരാളുടെ പേരു പറഞ്ഞാൽ താൻ രാജിവയ്ക്കാമെന്നും കഴിഞ്ഞദിവസത്തെ പത്രസമ്മേളനത്തിൽ സുധാകരൻ പറഞ്ഞിരുന്നു.