ചങ്ങനാശേരി: മടുക്കമൂട്ടിൽ വീടും വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറുകളും അടിച്ചുതകർത്ത കേസിൽ ഇനിയും പിടികൂടാനുള്ളത് രണ്ടു പ്രതികളെ കൂടി.
വടക്കേക്കര പുതുപ്പറന്പിൽ ജിറ്റോ വർഗീസ് (23), ചെത്തിപ്പുഴ ചൂരപ്പറന്പിൽ സിനോയി സിബിച്ചൻ (21), കുരിശുംമൂട് തകിടിപ്പറന്പിൽ ഷെമീർ ഷാജി (25) എന്നിവരെയാണ് ഇതുവരെ അറസ്റ്റിലായത്. മറ്റൊരു പായിപ്പാട് പുതുപ്പറന്പിൽ ഷെഹാൻ ഷൈജു (27) വിനെ പോലീസ് പിടികൂടിയെങ്കിലും ഇയാളുടെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി പരിഗണിച്ചിരിക്കുന്നതിനാൽ പോലീസ് വിട്ടയച്ചു.
എന്നാൽ ചില പ്രതികളിലേക്കു കേസ് വഴി തിരിച്ചുവിട്ട് മറ്റു ചിലരെ കേസിൽ നിന്നു രക്ഷപെടുത്താനായി തൃക്കൊടിത്താനം പോലീസിന്റെ ശ്രമം നടക്കുന്നു എന്ന ആക്ഷേപവും ഇപ്പോൾ ഉയരുന്നുണ്ട്. ഇപ്പോൾ പിടിയിലായവർ മുന്പും പല കേസുകളിൽ പ്രതികളായിട്ടുണ്ട്.
മൈനറായിരിക്കെ സിനോയി ഇത്തിത്താനത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാകുകയും ജുവനൈൽ ജയിലിൽ കഴിയുകയും ചെയ്തിട്ടുണ്ട്. വീട്ടമ്മയുടെ മാലപിടിച്ചുപറിച്ച കേസിൽ ജിറ്റോയുടെ പേരിൽ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ കേസുണ്ട്.
കഴിഞ്ഞ ഒന്പതിന് രാത്രി 9.30ന് മടുക്കുംമൂട് പള്ളിപ്പറന്പിൽ നൗഷാദിന്റെ വീടിനു നേരേയാണ് അക്രമണം ഉണ്ടായത്. വീടിന്റെ ജനാലച്ചില്ലുകളും വാതിലുകളും അടിച്ചു തകർക്കുകയും വീടിനു മുന്പിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ, വോക്സ് വാഗണ് കാറുകളുമാണ് അടിച്ചു തകർത്തത്.
നൗഷാദിന്റെ മക്കളും പ്രതികളും തമ്മിലുള്ള വാക്ക് തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. അക്രമം നടക്കുന്പോൾ നൗഷാദും കുടുംബവും വീട്ടിനുള്ളിലുണ്ടായിരുന്നു. തുടർന്നു നൗഷാദ് ചങ്ങനാശേരി പോലീസിൽ പരാതി നൽകി. പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും വീട് അക്രമിച്ചത് തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് തൃക്കൊടിത്താനം പോലീസിനു കൈമാറി.
പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികൾ ഒളിവിലായിരുന്നു. അക്രമത്തിനെത്തിയവരുടെ വാഹനങ്ങളുടെ നന്പരും മൊബൈൽ ഫോണും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്.പ്രതികളായ ജിറ്റോയും സിനോയിയും ശനിയാഴ്ച വൈകുന്നേരം ബൈക്കിൽ സഞ്ചരിക്കുന്പോൾ പാന്പാടി പോലീസ് സംശയാസ്പദമായി തടഞ്ഞു നിർത്തിയപ്പോൾ ഇവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
വിവരം അറഞ്ഞ തൃക്കൊടിത്താനം പോലീസെത്തി ഇവരെ തന്ത്രപൂർവം അറസ്റ്റ് ചെയ്യുകയായിരുന്നു. അക്രമണ കേസിൽ ആലപ്പുഴയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പായിപ്പാട് പുതുപ്പറന്പിൽ ഷെഹാൻ ഷൈജു (27) നേയും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനു അപേക്ഷ നൽകിയിരുന്നു.
ഇയാളുടെ ജാമ്യം കോടതി പരിഗണിക്കുകയും ഒരാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവ് വാങ്ങുകയും ചെയ്തിരുന്നതിനാൽ ഇയാളെ പോലീസ് വിട്ടയച്ചു.സംഭവവുമായി ബന്ധപ്പെട്ടു ഏതാനും പേരെക്കൂടി അറസ്റ്റ് ചെയ്യാനുള്ളതായും പോലീസ് പറഞ്ഞു. കൃത്യത്തിനായി പോയ ഒരു ബൈക്കും കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
എസ്എച്ച്ഒ ഇ. അജീബ്, എസ്ഐ വി.എസ്. പ്രദീപ്, എസ്ഐ ട്രെയിനി വി.എസ്. ജയകൃഷ്ണൻ, എസ്ഐ അനിൽകുമാർ, സീനിയർ സിപിഒ സുരേഷ്കുമാർ, സിപിഒ കെ.സി. ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.