ശ്രീകാര്യം: ബാറുകളും വിദേശമദ്യവിൽപ്പന ശാലകളും അടഞ്ഞുകിടക്കുന്ന ദിവസങ്ങളിൽ വിദേശമദ്യം വീട്ടിൽ ശേഖരിച്ചു വിൽപ്പന നടത്തിയിരുന്ന വീട്ടമ്മയെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു.
പൗഡിക്കോണം വാർഡിൽ ഗാന്ധി പുരം മാവുകോട്ടുകോണം വീട്ടിൽ സുജ (48) ആണ് അറസ്റ്റിലായത്.
പോലീസ് എത്തുന്നതു കണ്ട് ഓടി രക്ഷപ്പെട്ട ഇവരുടെ ഭർത്താവിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.പിടിയിലായ സ്ത്രീയുടെ വീട്ടിൽ നിന്നും കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 2.25 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും പോലീസ് പിടികൂടി.
പൗഡിക്കോണം, ഗാന്ധി പുരം ഭാഗങ്ങളിൽ വിദേശമദ്യവും മയക്കുമരുന്നും വൻതോതിൽ വിൽപ്പന നടക്കുന്നതായി കഴക്കൂട്ടം അസി.പോലീസ് കമ്മീഷണർ ഷൈനു തോമസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയോടെയാണ് പോലീസ് ഇവിടെ റെയ്ഡ് നടത്തിയത്.
സർക്കാർ വക വിദേശമദ്യവിൽപ്പന ശാലകളിൽ നിന്നും വൻതോതിൽ മദ്യം വാങ്ങി വച്ചായിരുന്നു ഇവർ ഇവിടെ വിൽപ്പന നടത്തിയിരുന്നത്.
ശ്രീകാര്യം എസ്എച്ച്ഒ മഹേഷ് പിള്ള, എസ്ഐബി ലനാദ് കുമാർ, ജിഎസ്ഐ അനിൽ കുമാർ,ഡബ്ല്യൂ.എസ്സിപിഒ പ്രീത, സിപിഒമാരായ പ്രശാന്ത്, സുജിത്ത്, അനിൽ കുമാർ, ഹോം ഗാർഡുമാരായ വിജയൻ, രാജശേഖരൻ നായർ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തി പ്രതിയെ പിടികൂടിയത്.