ചെങ്ങന്നൂർ: ഓട്ടോറിക്ഷ കത്തി നശിച്ചു. വെണ്മണി ചാങ്ങമല ചരുവിലേത്ത് വിൽസന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി കത്തി നശിച്ചത്. വീടിന് നൂറ് മീറ്റർ അകലെ സമീപവാസിയുടെ പറമ്പിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.
രാത്രി വലിയ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് നോക്കിയപ്പോഴാണ് ഓട്ടോറിക്ഷ കത്തുന്നത് കണ്ടത്. പെട്രോൾ ടാങ്ക് പെട്ടിത്തെറിച്ച് പൂർണ്ണമായും കത്തിയനിലയിലായിരുന്നു.സമീപത്ത് വീടോ കിണറുകളോ ഇല്ലാതിരുന്നതിനാൽ തീ അണയ്ക്കാൻ സാധിച്ചില്ല.
2013 മോഡൽ ഓട്ടോറിക്ഷയാണ്. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിൽസന്റെ ഭാര്യയും നാല് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ഉപജീവന മാർഗമായിരുന്നു ഓട്ടോറിക്ഷ. സഭവത്തിന് തലേ ദിവസം വിൽസനും സമീപത്തെ ടാപ്പിംഗ് തൊഴിലാളിയുമായി തർക്കം ഉണ്ടായതായി പറയപ്പെടുന്നു.
ഇതേ തുടർന്ന് ഇയാൾ ഭീഷണി മുഴക്കിയതായി വിൽസൺ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. വെണ്മണി പോലീസ് കേസെടുത്തു. സംഭവത്തിൽ ബി എം എസ് ചെറിയനാട് മേഖലാ കമ്മറ്റി പ്രതിഷേധിച്ചു.
കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തണമെന്ന് ബി എം എസ് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബി എം എസ് ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് കെ സദാശിവൻപിള്ള, ജില്ലാ ജോയിന്റ് സെക്രട്ടറി എൻ ദേവദാസ്, മേഖലാ ജോയിന്റ് സെക്രട്ടറി അജിത്ത് പ്രണവം, പഞ്ചായത്ത് പ്രസിഡന്റ ് ഉണ്ണി കൃഷ്ണപിള്ള പോണേത്ത് സെക്രട്ടറി റ്റി പി ശശിധരൻ, യൂണിറ്റ് സെക്രട്ടറി ബാബു എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.