തൊടുപുഴ: കഴിഞ്ഞദിവസം അന്തരിച്ച ഇന്ത്യയുടെ എക്കാലത്തെയും മികച്ച അത്ലറ്റായ മിൽഖാ സിംഗിനൊപ്പം ഒളിന്പിക് പരിശീലന ക്യാന്പിൽ ഉണ്ടായിരുന്ന സിസ്റ്റർ ഗ്രാസിയ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഓർമകളുമായി പൈങ്കുളം എസ്എച്ച് ആശുപത്രിയിൽ സേവനത്തിലാണ്.
പട്യാലയിലെ പരിശീലന ക്യാന്പിൽ വച്ചാണ് മിൽഖാ സിംഗിനെ പരിചയപ്പെട്ടത്. ആ ഓർമകൾ ഇപ്പോഴും സിസ്റ്ററിന്റെ ഓർമയിൽ തിളങ്ങി നിൽക്കുന്നു.
കായികരംഗത്തു നിന്നാണ് കെ.വി. ഏലിക്കുട്ടിയെന്ന സിസ്റ്റർ ഗ്രാസിയ സന്യാസിനിയായത്. കരിമണ്ണൂർ കുഴിക്കാട്ട് കുടുംബാംഗമാണ് സിസ്റ്റർ.
സ്കൂൾ പഠനകാലത്തു ദേശീയ കായിക താരമായിരുന്നു. ആറാം ക്ലാസിൽ പഠിക്കുന്പോഴാണ് കായിക രംഗത്തേയ്ക്ക് കടന്നുവന്നത്.
എട്ടാംക്ലാസിൽ പഠിക്കുന്പോൾ പെരുന്പാവൂരിൽ നടന്ന ഇന്റർ സ്കൂൾ മീറ്റിൽ ആദ്യമായി പങ്കെടുത്തു. അഞ്ചിനങ്ങളിൽ നാലിലും മെഡൽ നേടി. ഓട്ടം, ലോംഗ്ജംപ്, ജാവലിൻ എന്നിവയിലാണ് വിജയിച്ചത്.
1960-ൽ നടന്ന ദേശീയമീറ്റിൽ ജാവലിനിൽ അതെ പ്രകടനം കാഴ്ച വയ്ക്കാനായില്ല. പിന്നീടാണ് റോം ഒളിന്പിക്സിലെ റിലേ ടീമിൽ മായ മാത്യൂസ്, കെ.ഒ.ഏലിക്കുട്ടി, ലീലാമ്മ മാത്യു എന്നിവർക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ടത്.
അവരോടൊപ്പം അന്ന് പരിശീലനത്തിന് മിൽഖാസിംഗും ഉണ്ടായിരുന്ന കാര്യം സിസ്റ്റർ ഓർമിക്കുന്നു. പക്ഷെ സർക്കാരിന്റെ സാന്പത്തിക ബുദ്ധിമുട്ടുമൂലം അന്ന് മിൽഖാസിംഗിനെ മാത്രമാണ് ഒളിന്പിക്സിന് അയച്ചത്.
പട്യാലയിലെ പരിശീലന ക്യാന്പിൽ അദ്ദേഹവുമായി അടുത്തു പരിചയപ്പെട്ടു . അദ്ദേഹം റിലേടീമിനെ പരിശീലിപ്പിക്കുകയും ചെയ്തകാര്യം സിസ്റ്റർ ഓർത്തു.
മിൽഖാ ഒളിന്പിക്സിൽ മികച്ച ദൂരം കൈവരിച്ചത് തങ്ങൾക്കും ത്രില്ലായിരുന്നുവെന്നും ഇന്ത്യൻ സ്പോർട്സിന്റെ ഒരു സുവർണ കാലഘട്ടമായിരുന്നു അതെന്നും സിസ്റ്റർ ഓർമിക്കുന്നു.
നഴ്സിംഗ് പഠനത്തിന് പോകാനുള്ള താത്പര്യമാണ് സന്യാസജീവിതം തെരഞ്ഞെടുക്കാൻ പ്രേരണയായത്. നഴ്സിംഗ് പഠന കാലത്തും കായികരംഗത്തു തിളങ്ങിയിരുന്നു സിസ്റ്റർ ഗ്രാസിയ.