തൃശൂർ: സ്പോട്ട് വാക്സിൻ നൽകാമെന്ന് അറിയിച്ചു സെന്ററുകളിലെത്തിയവരെ മടക്കി അയച്ച് ആരോഗ്യവകുപ്പിന്റെ ക്രൂരത. വയോധികരടക്കം നിരവധി പേരാണു വാക്സിൻ കിട്ടാതെ മടങ്ങേണ്ടി വന്നത്.
80 ശതമാനം സ്പോട്ട് വാക്സിൻ നൽകുമെന്ന അറിയിപ്പ് അനുസരിച്ചാണ് ആളുകൾ വാക്സിൻ സെന്ററുകളിലെത്തിയത്. വാക്സിൻ നൽകുന്ന സെന്ററുകളുടെ പേരുകളും നൽകിയിരുന്നു.
എന്നാൽ, ഈ അറിയിപ്പു പ്രകാരം എത്തിവരെയാണു വാക്സിൻ ഇല്ലെന്നു പറഞ്ഞു തിരിച്ചയച്ചത്. അവശതയുള്ളവരും പ്രായമായവരുമടക്കം നിരവധിയാളുകളാണു സന്പൂർണ ലോക്ഡൗണ് ദിവസമായ ഇന്നലെ ആരോഗ്യവകുപ്പു നിർദേശിച്ച സെന്ററുകളിലെത്തിയത്.
എല്ലാവർക്കും സ്പോട്ട് വാക്സിൻ എടുക്കാൻ കഴിയുമെന്ന രീതിയിലാണ് ആരോഗ്യവകുപ്പ് പത്രക്കുറിപ്പ് ഇറക്കിയിരുന്നത്. എന്നാൽ, ചെന്നവർക്കൊന്നും വാക്സിൻ കിട്ടിയില്ല.
ഇതിനിടെ ചില ജനപ്രതിനിധികൾ ഇടപെട്ട് വാക്സിൻ അതാതു സ്ഥലങ്ങളിലുള്ളവർക്കു മാത്രം നൽകിയാൽ മതിയെന്ന നിലപാടെടുത്തതും ആളുകളെ മടക്കി അയക്കാൻ കാരണമായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ജില്ലയിലെ 32 കേന്ദ്രങ്ങളിലാണു സ്പോട്ട് അഡ്മിഷൻ ഉണ്ടെന്നു ആരോഗ്യവകുപ്പ് അറിയിച്ചത്. കൂടാതെ ക്യാന്പുകളും ഏർപ്പെടുത്തിയിരുന്നു. ഇവിടെയെത്തിയവരിൽ പലർക്കും സ്പോട്ട് അഡ്മിഷൻ ഇല്ലെന്ന മറുപടിയാണു ലഭിച്ചത്.
വാക്സിൻ ഉണ്ടെന്നു പറഞ്ഞതിനുശേഷം ഈ അറിയിപ്പു പ്രകാരം എത്തിയ പ്രായമായവരേയും അവശതയുള്ളവരേയും വാക്സിൻ നൽകാതെ തിരിച്ചയക്കുന്നതു ക്രൂരമാണെന്നു കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോണ് ഡാനിയൽ പറഞ്ഞു.
ഓരോ സിഎച്ച്സിയിലും വാക്സിൻ അതാതു പ്രദേശത്തുള്ളവർക്കു മാത്രം പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിൽ അക്കാര്യം പ്രത്യേകം പൊതുജനങ്ങളെ അറിയിക്കണം.
വാക്സിനുവേണ്ടി ജനത്തെ നെട്ടോട്ടം ഓടിക്കരുത്. വാക്സിൻ നൽകാതെ പ്രായമായവരെ ഉൾപ്പെടെ തിരിച്ചയച്ച സംഭവത്തിൽ ജില്ലാ കളക്ടർക്കും ഡിഎംഒക്കും ആരോഗ്യവകുപ്പ് ഇറക്കിയ വാക്സിൻ കേന്ദ്രങ്ങളുടെ പട്ടിക സഹിതം ജോണ് ഡാനിയൽ പരാതി നൽകി.