തലശേരി: ചൊക്ലി കനകമലയുടെ സമീപം അതീവ രഹസ്യമായി ഒളിവിൽ കഴിഞ്ഞ രണ്ട് പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ. സംസ്ഥാനത്തെ ആറു ജില്ലകളിലെ ഇരുപതിലേറെ പോലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന്, പിടിച്ചുപറി, കളവ് കേസുകളിൽ പ്രതികളായവരാണ് പിടിയിലായത്.
നാദാപുരം കക്കട്ടിൽ നിട്ടൂർ തുന്പക്കുന്നത്ത് കബീർ (38), ചൊക്ലി മേക്കുന്ന് താലിപ്പറന്പ് കൊളായി നൗഷാദ് എന്ന ലാഡൻ നൗഷാദ് (51) എന്നിവരെയാണ് ചൊക്ലി സിഐ സുഭാഷ്, എസ്ഐ അജീഷ്, എസിപിയുടെ പ്രത്യേക സ്ക്വാഡിലെ അംഗങ്ങളായ എഎസ്ഐ സഹദേവൻ, സീനിയ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജേഷ്, സുജേഷ് എന്നിവരടങ്ങിയ സംഘം നാടകീയമായ നീക്കത്തിലൂടെ സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടിയത്.
കണ്ണൂർ, കോഴിക്കാട്, മലപ്പുറം, പാലക്കാട്, കാസർഗോഡ്, വയനാട് ജില്ലകളിൽ നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. മൻസൂർ കൊലപാതകവുമായി ബന്ധപ്പെട്ട അക്രമ കേസുകളിലെ പ്രതികളെ തേടിയുള്ള യാത്രക്കിടയിലാണ് കുടകൊണ്ട് മുഖം മറച്ചുള്ള സിസിടിവി ദൃശ്യം പോലീസിന് ലഭിക്കുന്നത്.
ഈ ദൃശ്യം പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കനകമലയുടെ താഴ്വാരത്തെ കുടിലിൽ പിടികിട്ടാപ്പുള്ളികളെ പോലീസ് കണ്ടെത്തിയത്.പോലീസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ കുന്നിൽ മുകളിലൂടെയും ഇടവഴികളിലൂടെയും പിന്തുടർന്നാണ് പോലീസ് പിടികൂടിയത്.
പ്രതികളും മഫ്ടിയിലുള്ള പോലീസുകാരുടേയും ഓട്ടം കണ്ട് ജനങ്ങൾ പരിഭ്രാന്തരായി. വടികളും കൈയിലേന്തി ജനങ്ങളും പിന്നാലെ ഓടി. സംഭവത്തിനു പിന്നിൽ പോലീസും പ്രതികളുമാണെന്ന് മനസിലായതോടെ ജനങ്ങൾ പോലീസിന്റെ സഹായകരായി മാറുകയും ചെയ്തു.