കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസില്‍ 53 പേര്‍ക്കു കസ്റ്റംസ് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു. കുറ്റപത്രം നല്കുന്നതിനു മുന്നോടിയായാണു നടപടി.
260 പേജുള്ള ഷോകോസ് നോട്ടീസില്‍ സര്‍ക്കാരിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച കസ്റ്റംസ്, കള്ളക്കടത്ത് സംഘത്തിനു മന്ത്രിമാര്‍ അടക്കമുളളവരുമായി ബന്ധമുണ്ടെന്നും ആരോപിക്കുന്നു.
യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നിവർക്കടക്കമാണു നോട്ടീസ് നൽകിയിരിക്കുന്നത്. ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനുള്ള വ്യക്തമായ കാരണങ്ങള്‍ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രോട്ടോകോള്‍ നിയമങ്ങള്‍ പാലിച്ചായിരുന്നില്ല ഇവരുടെ കേരളത്തിലെ പ്രവര്‍ത്തനമെന്നു കസ്റ്റംസ് പറയുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വഴിവിട്ട നീക്കങ്ങള്‍ കോണ്‍സല്‍ ജനറലിനും കള്ളക്കടത്ത് സംഘത്തിനും തുണയായി.
കോണ്‍സല്‍ ജനറലിനു വഴിവിട്ടാണ് എസ് കാറ്റഗറി സുരക്ഷ നല്‍കിയത്. ഇതുവഴി പരിശോധന കൂടാതെ ഇദ്ദേഹം വിമാനത്താവളം വഴി വരികയും പോകുകയും ചെയ്തു.
ഈ സുരക്ഷാസൗകര്യം കള്ളക്കടത്തിന് ഉപയോഗിച്ചു. ഇതിനു പുറമെ കോണ്സലേറ്റിലെ നാല് ഉദ്യോഗസ്ഥര്‍ക്കു വഴിവിട്ടു നയതന്ത്രപാസും നല്കി. മന്ത്രിമാരടക്കമുളളവര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചു കോണ്‍സലേറ്റുമായി ഇടപെട്ടു.
വിദേശകാര്യ മന്ത്രാലയമോ പ്രോട്ടോകോള്‍ ഓഫീസറോ ഇതൊന്നും അറിഞ്ഞിരുന്നില്ല. ഗുരുതരമായ ചട്ടലംഘനം സര്‍ക്കാരിലെ ഉന്നതപദവികള്‍ വഹിക്കുന്നവരില്നിന്നുമുണ്ടായി.
ഇതിനെല്ലാം ഇടനില നിന്നതു സ്വപ്ന സുരേഷാണ്. മന്ത്രിമാരടക്കമുള്ളവരുമായി നേരിട്ടു ബന്ധമുണ്ടാക്കണമെന്നു പ്രതികളോടു കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെട്ടിരുന്നു.
മൂന്നുതരം കള്ളക്കടത്താണു നടന്നത്. സ്വപ്നയും സരിത്തും സന്ദീപും നടത്തിയ കള്ളക്കടത്താണ് അതിലൊന്ന്. കോണ്‍സല്‍ ജനറല്‍ നടത്തിയ കള്ളക്കടത്തും അനധികൃത ഡോളര്‍ വിദേശത്തേക്കു കൊണ്ടുപോയതുമാണു മറ്റു രണ്ടെണ്ണം.
വിദേശത്തേക്കു കൊണ്ടുപോയ ഡോളര്‍ സംസ്ഥാനത്തെ ഉന്നതതലത്തിലെ പലരുടെയും പണമാണ്.
സരിത്തിനെയും സന്ദീപിനെയും ഉപയോഗിച്ചു കേരളത്തില്‍ കള്ളക്കടത്ത് നടത്താനും സംഘം പദ്ധതിയിട്ടു. കേരളത്തില്‍നിന്നു കള്ളക്കടത്തിലൂടെ ലഭിക്കുന്ന പ്രതിഫലത്തില്‍ കള്ളനോട്ടുണ്ടോ എന്നു തിരിച്ചറിയാനായി കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരം സരിത്ത് നോട്ടെണ്ണല്‍ യന്ത്രം വാങ്ങിയെന്നും കസ്റ്റംസിന്റെ നോട്ടീസില്‍ പറയുന്നു.