അങ്ങനെ ‘മുജ’ എന്ന ചീങ്കണ്ണി തന്റെ എണ്‍പത്തിയഞ്ചാം പിറന്നാള്‍ ആഘോഷിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ചീങ്കണ്ണിയാണ് മുജ.
കഴിഞ്ഞ വര്‍ഷം റഷ്യയില്‍ മരിച്ച ചീങ്കണ്ണിക്കായിരുന്നു ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ചീങ്കണ്ണി എന്ന പദവിയുണ്ടായിരുന്നത്. ആ ചീങ്കണ്ണിയുടെ മരണശേഷമാണ് ആ പദവി മുജയ്ക്ക് കിട്ടുന്നത്.
ഇവനൊരദ്ഭുതം തന്നെ
സെര്‍ബിയയിലെ ബെല്‍ഗ്രേഡിലുള്ള വന്യമൃഗസംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന മുജയുടെ എണ്‍പത്തിയഞ്ചാം പിറന്നാള്‍ കഴിഞ്ഞദിവസമാണ് ആഘോഷിച്ചത്.
സാധാരണ ചീങ്കണ്ണികളുടെ ജീവിതകാലയളവ് 30 മുതല്‍ 50 വര്‍ഷം വരെയാണ്. ആ നിലയ്ക്ക് എണ്‍പത്തിയഞ്ച് വയസായ മുജ ശരിക്കും അത്ഭുതമാണെന്നാണ് മൃഗസ്നേഹികള്‍ പറയുന്നത്.
പ്രായം കൂടിയ ചീങ്കണ്ണി എന്ന പദവി മാത്രമല്ല മുജയ്ക്കുള്ളത്. മൂന്ന് ബോംബേറുകളെ അതിജീവിച്ച ചീങ്കണ്ണി കൂടിയാണ് മുജ. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി 1941ലും 1944ലും നടന്ന ബോംബേറും 1999ലെ നാറ്റോ ബോംബിംങ്ങും.
ആരാധകർ ഏറെ
നിരവധി ആരാധകരുള്ള ചീങ്കണ്ണികൂടിയാണ് മുജ. ടിക് ടോക്കിലാണ് കൂടുതല്‍ ആരാധകര്‍. മുജയുടെ വീഡിയോ ടിക് ടോക്കില്‍ ഒരു ലക്ഷം പേര് വരെ കണ്ടിട്ടുണ്ട്.
അതിജീവനത്തിന്റെ ചരിത്രം പേറി നടക്കുന്ന മുജയ്ക്ക് 2012ല്‍ കാലില്‍ ഒരു വ്രണമുണ്ടാകുകയും 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സര്‍ജറി നടത്തുകയും ചെയ്തിരുന്നു. ഇന്നും ആരോഗ്യവാനാണ് മുജയെന്ന് മൃഗശാല അധികൃതര്‍ പറയുന്നു.