പത്തനംതിട്ട: കോവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിലും. പ്രദേശത്തു കർശന ജാഗ്രതാനിർദേശം നൽകിയതായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട കടപ്രയില്‍ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം നിയന്ത്രിക്കുന്നതിനായാണ് പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
കടപ്ര പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ നാലു വയസുള്ള ആണ്കുട്ടിയിലാണു പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. മേയ് 24 നാണ് നാലുവയസുകാരൻ കോവിഡ് പോസിറ്റീവായത്.
കുട്ടിയുടെ മാതാവാണ് ആദ്യം കോവിഡ് പോസിറ്റീവായത്. പിന്നാലെ കുടുംബാംഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയെയും പോസിറ്റീവായി കണ്ടെത്തിയത്.
കുട്ടി ഉൾപ്പെടെ കുടുംബത്തിലെ 13 അംഗങ്ങളിൽ എട്ടുപേരും പോസിറ്റീവായിരുന്നു. ആദ്യം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും ചികിത്സയിലായിരുന്ന നാലുവയസുകാരൻ നിലവില്‍ കോവിഡ് നെഗറ്റീവാണ്.
കുട്ടിയുടെ സ്രവത്തിന്റെ ജനിതക(ജീനോമിക്) പഠനത്തിലാണു പുതിയ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. ന്യൂഡല്‍ഹിയിലെ സിഎസ്ഐആര്‍ – ഐജിഐബി (കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി)യില്‍ നടത്തിയ പരിശോധനയിലാണ് വകഭേദം തിരിച്ചറിഞ്ഞത്. ഇതേ തുടര്‍ന്നാണ് ഈ പ്രദേശത്ത് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
രോഗം പകരാതിരിക്കാനുള്ള കര്‍ശനമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകേന്ദ്രം തീരുമാനിച്ചു. കുട്ടി ഉള്‍പ്പെട്ട വാര്‍ഡ് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍ ഏരിയയാണ്. കടപ്ര ഗ്രാമപഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.42 ശതമാനമാണ്.
രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലും ടിപിആര്‍ കൂടുതലായി നില്‍ക്കുന്നതിനാലും നിയന്ത്രണം തുടരാനാണ് തീരുമാനം.
18 കോളനികൾ തന്നെ ഈ പഞ്ചായത്തിലുണ്ട്.
ഇതേവരെ പ്രദേശത്ത് 87 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയയും ചെയ്തിട്ടുണ്ട്.
നിലവിലും കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യുന്ന കടപ്രയിലെ ഈ പ്രദേശത്ത് ഇന്നലെ 18 പേരിൽ കൂടി രോഗം സ്ഥിരീകരിച്ചു.
നിലവില്‍ 18 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരികരിച്ചിട്ടുള്ളത്. ഈ പ്രദേശത്തെ പോസിറ്റീവ് ഗികളെ ഡിസിസിയിലേക്ക് മാറ്റുന്നതിനും പ്രദേശത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കാനും സന്പർക്കമുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നത് ഊര്‍ജിതമാക്കാനും തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.