സ്വന്തം ലേഖകൻ
തൃശൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാക്സിനേഷൻ എടുക്കാൻ ജനങ്ങളുടെ വൻതിരക്ക്. ഓണ്‍ലൈൻ വഴി ഷെഡ്യൂൾ ചെയ്യുന്നതിനു പകരം സ്പോട്ട് രജിസ്ട്രേഷൻ നടത്തി വാക്സിൻ എടുക്കാമെന്ന അറിയിപ്പ് കണ്ടതോടെ ഇന്നലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ രാവിലെ മുതൽതന്നെ ആളുകൾ കൂട്ടമായി എത്തി.
ജില്ലയ്ക്ക് അനുവദിക്കുന്ന വാക്സിനുകളിൽ 80 ശതമാനവും സ്പോട്ട് രജിസ്ട്രേഷൻ ആയിരിക്കുമെന്ന അറിയിപ്പുകണ്ടാണ് ആളുകൾ എത്തിയത്.
തദ്ദേശവാസികൾക്ക് അവരവരുടെ താമസ സ്ഥലത്തോടു ചേർന്നുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിൻ എടുക്കുന്നതിനുള്ള സൗകര്യമാണ് സ്പോട്ട് രജിസ്ട്രേഷനിലൂടെ ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ട്.
എന്നാൽ ഇന്നലെ രാവിലെ ജില്ലയുടെ വിദൂരസ്ഥലങ്ങളിൽനിന്നുള്ളവർ പോലും തൃശൂർ നഗരത്തിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ സ്പോട്ട് രജിസ്ട്രേഷൻ വഴി വാക്സിൻ എടുക്കാൻ എത്തി.
പറവട്ടാനിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിനെടുക്കാൻ വൻ ജനക്കൂട്ടമായിരുന്നു. ആരോഗ്യ കേന്ദ്രത്തിന്റെ ഇരു ഭാഗങ്ങളിലേക്കും വാക്സിൻ എടുക്കാൻ എത്തിയവരുടെ ക്യൂ കിലോമീറ്ററുകളോളം നീണ്ടു.
കാറുകളിലും ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷകളിലുമായാണ് വാക്സിൻ എടുക്കാൻ ആളുകൾ എത്തിയത്. വാഹനങ്ങൾ പാർക്ക് ചെയ്തതോടെ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമായി.
ആൾത്തിരക്ക് കൂടിയതോടെ വാക്സിൻ എടുക്കാൻ എത്തിയവർ തമ്മിൽ പലയിടത്തും വാക്കേറ്റമുണ്ടായി. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള എല്ലാ കോവിഡ് പ്രോട്ടോകോളും കാറ്റിൽപറത്തിയാണ് ആളുകൾ വാക്സിനായി വരിനിന്നത്.
അതാതു പ്രദേശത്തെ ആർആർടി അംഗങ്ങൾ, ഡിവിഷൻ കൗണ്‍സിലർമാർ, വാർഡ് മെന്പർമാർ, ആശാവർക്കർമാർ എന്നിവർക്കാണ് തങ്ങളുടെ പ്രദേശത്തെ ആളുകൾക്കു വാക്സിനേഷനുള്ള സ്പോട്ട് രജിസ്ട്രേഷനു സൗകര്യം ഒരുക്കേണ്ട ചുമതല.
എന്നാൽ അവർക്കുപോലും ഇന്നലെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു. പലയിടത്തും ആൾക്കൂട്ടം നിയന്ത്രിക്കാൻ പോലീസിനെ വിളിക്കേണ്ട സ്ഥിതിവരെ കാര്യങ്ങൾ എത്തി.
തദ്ദേശീയർക്കുവേണ്ടി ആവിഷ്കരിച്ച സ്പോട്ട് രജിസ്ട്രേഷൻ സംവിധാനത്തിൽ വീണ്ടും തദ്ദേശീയർ പുറത്താകുന്ന കാഴ്ചയ്ക്കാണ് ജില്ല സാക്ഷ്യംവഹിച്ചത്.