കാസർഗോഡ്: കല്യോട്ട് ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാശുപത്രിയിൽ ജോലി നൽകിയതിനെ ന്യായീകരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ.
പ്രതികളുടെ ഭാര്യമാർക്കും മനുഷ്യാവകാശമുണ്ടെന്നും ഭർത്താവ് പ്രതിയായാൽ ഭാര്യയ്ക്കും ജീവിക്കേണ്ടെയെന്നും നിയമനം യാദൃശ്ചികമാണെന്നും അവർ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റല്ല നിയമനം നടത്തുന്നത്. ആശുപത്രി സൂപ്രണ്ടും ആര്‍എംഒയും നഴ്സിംഗ് സൂപ്രണ്ടുമൊക്കെ അടങ്ങിയ ഇന്റര്‍വ്യൂ ബോര്‍ഡ് അഭിമുഖം നടത്തി ആ ലിസ്റ്റ് ജില്ലാ പഞ്ചായത്തിന് കൈമാറുകയാണ് ചെയ്യുന്നത്.
അഭിമുഖത്തില്‍ നൂറിലേറെ പേര് പങ്കെടുത്തിരുന്നു. കോവിഡ് സമയമായതിനാല്‍ എല്ലാവര്ക്കും വാഹന സൗകര്യമില്ലായിരുന്നു. സ്വീപ്പര്‍മാര്‍ക്ക് ഒരു ദിവസത്തെ വേതനമായി 420 രൂപയാണ് ലഭിക്കുന്നത്.
കോവിഡ് കാലമായതിനാല്‍ ബസില്ലാതെ യാത്രാ തടസം നേരിട്ട ഒരു ജീവനക്കാരി വീട്ടില്‍ നിന്ന് വന്നുപോകാനായി 400 രൂപ ചെലവുണ്ടെന്ന് പറഞ്ഞ് ജോലി വേണ്ടെന്ന് വച്ചു.
എന്നാല്‍ ഇപ്പോള്‍ നിയമനം നല്കിയ മൂന്ന് പേരും ഒരേ സ്ഥലത്ത് നിന്ന് ഒരേ വാഹനത്തില്‍ വരാന്‍ തയാറാണെന്ന് അറിയിച്ചതിനാല്‍ അവര്‍ക്ക് നിയമനം നല്‍കുകയായിരുന്നുവെന്നാണ് ആശുപത്രിയില്‍ നിന്നും അറിയിച്ചത്.
സ്വാഭാവികമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നിയമനം നടത്തിയിരിക്കുന്നത്.നിയമനത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും ശ്രമിക്കുന്നത്.
ജില്ലാ പഞ്ചായത്തിനെയും പ്രസിഡന്റിനെയും വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിലാണ് അവര്‍ സംസാരിക്കുന്നതെന്നും ബേബി പറഞ്ഞു.