കായംകുളം: ലോക് ഡൗണിൽ അടച്ചിട്ടിരുന്ന ഹോട്ടൽ കുത്തിത്തുറന്ന് മോഷണം. കായംകുളം ദേശീയപാതയോരത്തെ കണ്ടല്ലൂർ സ്വദേശി രതീഷിന്റെ ഉടമസ്ഥതയിലുള്ള ഗോൾഡൻ സ്നാക്സ് എന്ന മിനി ഹോട്ടലിലാണ് മോഷണം നടന്നത്.
ഇരുപതിനായിരം രൂപ വിലവരുന്ന സിഗററ്റുകളും സ്റ്റേഷനറി സാധനങ്ങളും മോഷണം പോയി. കടയുടെ പിൻ വശത്തെ വാതിൽ പൊളിച്ചായിരുന്നു മോഷണം.
രക്താർബുദം പിടിപെട്ട രതീഷിന്റെ ഏക വരുമാനമാർഗമായിരുന്നു ഈ ഹോട്ടൽ. 2010ൽ വാഹനാപകടത്തെ തുടർന്ന് കാലുകളുടെ സ്വാധീനവും നഷ്ടപ്പെട്ട രതീഷ് നാട്ടുകാരുടെ സഹായത്തോടെയാണ് ജീവിതത്തിലേക്ക് തിരികെ വന്നത്.
പിന്നീട് രക്താർബുദം വില്ലനായതോടെ ജീവിതം വഴിമുട്ടി. തുടർന്ന് സുമനസുകളുടെ സഹായത്തോടെ ചെറിയ ഹോട്ടൽ ആരംഭിക്കുയായിരുന്നു. കടയിൽ സൂക്ഷിച്ചിരുന്ന വഞ്ചിയിലെ പൈസയും മോഷ്ടാവ് കവർന്നു.
ഏകദേശം ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയതായി രതീഷ് കായംകുളം പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.