മുഹമ്മ: സ്വത്ത് തർക്കത്തിന്റെ പേരിൽ അമ്മയെ നിലവിളക്കിന് തലയ്ക്കടിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് കിഴക്കേ പോളയിൽ പി.രതീഷി (39)നെയാണ് മണ്ണഞ്ചേരി പോലീസ് പിടികൂടിയത്.
രതീഷിന്റെ മാതാവ് അമ്മിണി(57) തലയ്ക്ക് എട്ട് തുന്നലുകളോടെ ചികിത്സയിലാണ്. സ്വത്ത് വീതം വയ്പ്പുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
നിരന്തരം ശല്യമായതോടെ അമ്മിണി കളക്ടർക്ക് പരാതി നൽകുകയും കോടതി മുഖാന്തിരം ഗാർഹിക പീഡന നിരോധന നിയമപ്രകാരം വിധിയും സമ്പാദിച്ചിരുന്നു.
രതീഷ് വീട്ടിൽ പ്രവേശിക്കുന്നതിന് കോടതി വിലക്കുണ്ടായിരുന്നു. എന്നാൽ ഇത് ലംഘിച്ച് വീട്ടിൽ കയറിയ രതീഷ് അമ്മിണിയെ ഉപദ്രവിക്കുകയും നിലവിളക്കിന് തലയ്ക്കടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാട്ടുകാരാണ് അമ്മിണിയെ ആശുപത്രിയിൽ എത്തിച്ചത്.