നെന്മാറ: നെല്ലിയാന്പതിയിലെ എസ്റ്റേറ്റ് പാടിയിൽ സൂക്ഷിച്ച ചക്കപ്പഴം മണം പിടിച്ച് കാട്ടാന എത്തി. വീട്ടു വാതിൽ തകർത്ത് വീട്ടിൽ സൂക്ഷിച്ച അരിയും ഗോതന്പും തിന്നു.
കൂനംപാലം ഏലംസ്റ്റോർ പാടിയിൽ ഇന്നലെ ഉച്ചയ്ക്ക് 3നാണു ചില്ലിക്കൊന്പൻ തനിച്ചെത്തിയത്. പതിവായി കാണാറുള്ള ആനയെ പത്രോസിന്റെ വീടിന്റെ പരിസരത്ത് കണ്ടതോടെ ഭാര്യ ജോസ്മി മറ്റുള്ളവരെ അറിയിച്ച ശേഷം ചക്കപ്പഴം പുറത്തുകൊണ്ടിട്ടു.
ഇത് തിന്നു തീർത്ത ആന വീണ്ടും വീട്ടിലെത്തി വാതിൽ തള്ളിത്തുറന്നു. വീട്ടിലുള്ള ജോസ്മിയും രണ്ട് മക്കളും പിന്നിലുള്ള വാതിൽ വഴി അയൽ വീടുകളിലേക്കു പോയി.
തുന്പിക്കൈ മാത്രം കടത്തിയ കാട്ടാന ചക്കപ്പഴം സൂക്ഷിച്ച സ്ഥലത്തെ മണം പിടിച്ച് മുൻവശത്തെ മുറിയിൽ ഉണ്ടായിരുന്ന അരിയും ഗോതന്പും എടുത്തു തിന്നു.
വാതലിന്റെ കൊളുത്തും വീടിനു മുന്നിലെ പൂച്ചട്ടികളും ഹെൽമറ്റുമെല്ലാം തകർത്ത കാട്ടാനയെ നെല്ലിയാന്പതി വനം സ്റ്റേഷനിലെ വനപാലകരെത്തി പടക്കംപൊട്ടിച്ചു തുരത്താൻ ശ്രമിച്ചെങ്കിലും രാത്രി 7 വരെ പരിസരത്ത് തന്നെ തന്പടിച്ചു നിന്നു.
രാത്രി വീണ്ടുമെത്തുമെന്ന ആശങ്കയിൽ തൽക്കാലം ബന്ധുവീട്ടിലേക്കു മാറിയതായി പത്രോസ് പറഞ്ഞു.