കറുകച്ചാൽ: ഉപയോഗശൂന്യമായ ടയറുകൾ എവിടെ കണ്ടാലും പ്രമീളയും വിഷ്ണുപ്രിയയും ചോദിച്ചു വാങ്ങും.ഒഴിവുസമയങ്ങളിൽ ഇരുവരും ചേർന്ന് ഒന്ന് മെനക്കെട്ടാൽ പിന്നെ ടയറുകൾ മനോഹരമായ പൂച്ചട്ടികളും താമരക്കുളവുമെല്ലാമായി മാറും.
നെടുംകുന്നം മാന്തുരുത്തി വൈഷ്ണവത്തിൽ പ്രമീളയും മകൾ വിഷ്ണുപ്രിയയുമാണ് രണ്ടു വർഷമായി പാഴായ ടയറുകളിൽ പൂച്ചട്ടി നിർമാണം ആരംഭിച്ചത്. വർക് ഷോപ്പുകളിൽനിന്നും പഞ്ചറൊട്ടിക്കുന്ന കടകളിൽനിന്നും പഴയ ടയറുകൾ ശേഖരിക്കും. ടയറുകൾ തിരിച്ചിട്ടു വിവിധ രൂപങ്ങളിൽ വെട്ടിയെടുക്കുന്നത് വിഷ്ണുപ്രിയയാണ്.
ശേഷം ഉൾവശത്ത് ഇരുന്പ് നെറ്റുകൾ അടിച്ച് ചെറുതായി കോണ്ക്രീറ്റ് ചെയ്യും. പെയിന്റിംഗും ചിത്രപ്പണികളുമെല്ലാം പ്രമീളുടെ ജോലിയാണ്. ആദ്യമൊക്കെ ദിവസം ഒന്നും രണ്ടും നിർമിച്ചായിരുന്നു തുടക്കം. ഇപ്പോൾ വെറും ഇരുപത് മിനിട്ട് മതി ഇരുവർക്കും മനോഹരമായ പൂച്ചട്ടി നിർമിക്കാൻ.
ഇതേ രീതിയിൽ തന്നെയാണു താമരക്കുളവും നിർമിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നൂറ് കണക്കിന് പൂച്ചട്ടികളും താമരക്കുളവുമാണ് ഇരുവരും ചേർന്ന് നിർമിച്ചത്. ടയർ പൂച്ചട്ടികൾ കൊണ്ട് വീടിനു മുൻപിൽ വിശാലമായ ഒരു പൂന്തോട്ടവും നിർമിച്ചു.
മനോഹരമായ പൂച്ചട്ടികൾ കണ്ട് പലരും ഉപയോഗശൂന്യമായ ടയറുകളുമായി വീട്ടിലെത്തി തുടങ്ങി. ഭംഗിയുള്ളതും ഒരിക്കലും നശിക്കാത്തതുമായ പൂച്ചട്ടികളും താമരക്കുളവുമെല്ലാം വാങ്ങാനായി ആളുകൾ എത്തിയതോടെ നൂറുകണക്കിനു ചട്ടികൾ ഇവർ വിറ്റു.
കാറിന്റെ ടയറുകൾ കൊണ്ടാണു പൂച്ചട്ടികൾ നിർമിക്കുന്നത്. മിനി ലോറികളുടെ ടയറുകളാണ് താരമക്കുളത്തിന് ഉപയോഗിക്കുന്നത്. ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ വിഷ്ണുപ്രിയ നേരം പോക്കിനായാണ് അമ്മയോടൊപ്പം പൂച്ചട്ടി നിർമാണം ആരംഭിച്ചത്. അച്ഛൻ സാബുവും സഹോദരൻ വിഷ്ണുവുമാണ് ഇരുവർക്കും എല്ലാ പിന്തുണയും നൽകുന്നത്.