കൊച്ചി: കോടികള്‍ വിലവരുന്ന മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ സിംബാബ്വേ സ്വദേശികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി അന്വേഷണ സംഘം.
ദോഹയില്‍ നിന്നു കൊച്ചിയില്‍ എത്തിയശേഷം ഡല്‍ഹിയിലേക്ക് കടന്നു കളഞ്ഞ സിംബാബ്വേ സ്വദേശികളെ കണ്ടെത്താനായി എന്‍സിബി വിഭാഗം ദേശീയ അന്വേഷണ ഏജന്‍സികളുടെ സഹായം തേടിയതായാണു വിവരങ്ങള്‍.
അന്താരാഷ്ട്ര വിപണിയില്‍ 20 കോടിയോളം രൂപ വിലവരുന്ന മൂന്നര കിലോഗ്രാം ഹെറോയിനുമായി കഴിഞ്ഞ ശനിയാഴ്ചയാണ് ഷാരോണ്‍ ചിഗ്വാസ (31) സിയാല്‍ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായത്.
തുടര്‍ന്ന് ഇവരെ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്ക് കൈമാറുകയായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിനായി എന്‍ഐഎ സംഘവും ഉടന്‍ എത്തും.
മയക്കുമരുന്ന് കടത്തില്‍ തീവ്രവാദ ബന്ധം സംശയിക്കപ്പെട്ടതോടെയാണ് അന്വേഷണത്തിനായി എന്‍ഐഎ സംഘവും എത്തുന്നത്.
അന്വേഷണം സംഘം നടത്തിയ ലാബ് പരിശോധനയില്‍ യുവതിയില്‍നിന്നു കണ്ടെത്തിയത് അഫ്ഗാനില്‍ ഉത്പാദിപ്പിച്ച മയക്കുമരുന്നാണെന്ന് വ്യക്തമായി.
പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില തീവ്രവാദ സംഘടനകള്‍ അഫ്ഗാനിസ്ഥാനില്‍നിന്നു വ്യാപകമായി മയക്കുമരുന്ന് ശേഖരിച്ച് ഇന്ത്യയിലേക്ക് കടത്തിയിരുന്നതായും നേരത്തെ കണ്ടെത്തിയിരുന്നു.
പഞ്ചാബ്, കാശ്മീര്‍ അതിര്‍ത്തി വഴിയാണ് ഇത്തരത്തില്‍ മയക്കുമരുന്ന് കടത്ത് നടന്നിരുന്നത്. അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയതോടെ അഫ്ഗാനിസ്ഥാനില്‍നിന്നു ശേഖരിച്ച് മറ്റ് രാജ്യങ്ങള്‍ വഴി ഇന്ത്യയിലേക്ക് എത്തിക്കുന്നതായാണ് നിഗമനം.
ഇപ്പോള്‍ പിടികൂടിയ ഹെറോയിന്‍ അഫ്ഗാനിസ്ഥാനില്‍നിന്നു സിംബാബ്വേയില് എത്തിച്ച ശേഷം ദോഹ വഴിയാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
കൊച്ചി വിമാനത്താവളത്തില്‍ ഇതിനു മുന്‍പ് പലതവണ മയക്കുമരുന്ന് കടത്ത് പിടികൂടിയിരുന്നെങ്കിലും ഒരു കേസില്‍ പോലും യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഈ കേസിലെ തുടര്‍ അന്വേഷണത്തില്‍ കൂടുതല്‍പേര്‍ ഉടന്‍ പിടിയിലാകുമെന്നാണു ലഭിക്കുന്ന വിവരങ്ങള്‍.