എടക്കര(മലപ്പുറം): മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ മക്കളുടെ കണ്മുന്നിലിട്ട് കൈമഴുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു.
തടയാൻ ശ്രമിച്ച മകൾക്കു നേരേയും ആക്രമണമുണ്ടായി. ഗുരുതര പരിക്കുകളേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വഴിക്കടവ് കെട്ടുങ്ങൽ ചേരിക്കല്ലൻ സീനത്തി(40)നാണ് വെട്ടേറ്റത്. ഇവരുടെ ഭർത്താവ് പതാരി മുഹമ്മദ് സലീം എന്ന മണിയെ(45) വഴിക്കടവ് സിഐ രാജീവ്കുമാറും സംഘവും അറസ്റ്റ് ചെയ്തു.
മാതാവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഇവരുടെ പതിനേഴുകാരിയായ മകളെ മുഹമ്മദ് സലീം കടിച്ചു പരിക്കേൽപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഒൻപതേമുക്കാലോടെയാണു സംഭവം.
മദ്യപിച്ച് വീട്ടിലെത്തിയ മുഹമ്മദ് സലീം ഭാര്യ സീനത്തുമായി വഴക്കിടുകയും അവരെ മർദിക്കുകയും ചെയ്തു. ഇതേത്തുടർന്ന് സീനത്ത് വണ്ടൂരിലുള്ള സഹോദരൻ അസ്കറിനെ വിളിച്ച് വിവരമറിയിച്ചു.
അസ്കർ വഴിക്കടവ് പോലീസിൽ അറിയിച്ച ഉടൻതന്നെ എസ്ഐ ജയകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് ഇവർ താമസിക്കുന്ന വീട്ടിലെത്തി.
പോലീസെത്തിയ വിവരമറിഞ്ഞ് മുഹമ്മദ് സലീം വീടിന്റെ പിൻവാതിലിലൂടെ ഓടി രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ എട്ടിന് ഇയാളോട് സ്റ്റേഷനിൽ ഹാജരാകാൻ അയൽവീട്ടിൽ നിർദേശം നൽകിയശേഷം പോലീസ് മടങ്ങി.
പോലീസ് മടങ്ങിയതിനു തൊട്ടുപിന്നാലെ സലീം വീണ്ടും വീട്ടിലെത്തി. ആക്രമിക്കുമെന്ന ഭയമുള്ളതിനാൽ സീനത്ത് വീടിന്റെ വാതിലുകൾ അടച്ചിരുന്നു.
ഓടിട്ട വീടിന്റെ അരഭിത്തിയിലൂടെ അകത്തുകടന്ന സലീം കൈയിൽ കരുതിയിരുന്ന കൈമഴുകൊണ്ട് സീനത്തിന്റെ തലയിൽ രണ്ടു തവണ വെട്ടി.
ഈ സമയം മകൾ പിതാവിന്റെ കൈയിൽ കറയിപ്പിടിച്ച് തടയാൻ ശ്രമിച്ചു. മകളുടെ കൈയിൽ കടിച്ച് പരിക്കേൽപ്പിച്ചശേഷം പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സീനത്തിനെ വീടിന്റെ ഹാളിൽവച്ച് വീണ്ടും വെട്ടി.
വാതിൽ തുറന്നു പുറത്തു മുറ്റത്തേക്ക് ഓടിവീണ സീനത്തിനെ ഇയാൾ മുറ്റത്തിട്ട് വീണ്ടും വെട്ടുകയായിരുന്നു.
രക്തമൊലിച്ച് മുറ്റത്തു കിടന്ന സീനത്തിനെ ബന്ധുക്കളും നാട്ടുകാരും ചേർന്നു നിലന്പൂർ ജില്ലാ ആശുപത്രിയിലും അവിടെനിന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോകുകയായിരുന്നു.
വൈദ്യപരിശോധനകൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ മലപ്പുറത്തുനിന്നു മൊബൈൽ ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.