കോട്ടയം: നഗരത്തിൽ കൂടുങ്ങിയ ചേരക്കോഴിക്ക് തുണയായി ഗുരുസ്വാമി. ഇന്നലെ രാവിലെ 11.15 ഓടെയാണ് നഗരത്തിൽ ഗതാഗതക്കുരുക്കിനുവരെ ഇടയാക്കി ഗുരുസ്വാമിയും പക്ഷിയും എത്തുന്നത്.
ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ ഇന്ധനവിലവർധനവിനെതിരെ യൂത്ത് ഫ്രണ്ടിന്റെ സമരം നടക്കുന്നതിനിടെയാണ് ഇവർക്ക് മുന്നിലൂടെ ചേരക്കോഴിയുമായി ഗുരുസ്വാമി കടന്നുപോകുന്നത്.
ഇതു കണ്ടു സമരം ചിത്രീകരിക്കാൻ കൂടിയ കാമറകൾ ഗുരുസ്വാമിക്കൊപ്പമായി. ഇതിനിടെ പക്ഷിയെ ഇയാൾ കടത്തിക്കൊണ്ടുപോകുകയാണെന്നാരോപിച്ച് പക്ഷിസ്നേഹികൾ രംഗത്തെത്തി.
ആകാശപാതയ്ക്ക് സമീപത്തായി ചെരിപ്പുകുത്തി ജീവിക്കുന്നയാളാണെന്നും തിരുനക്കര ബസ്സ്റ്റാൻഡ് എയ്ഡ് പോസ്റ്റിലെ ബാത്ത്റൂമിനുള്ളിൽ കുടുങ്ങിയ പക്ഷിയെ താൻ രക്ഷപ്പെടുത്തി മൃഗാശുപത്രിയിലേക്കു കൊണ്ടു പോകുകയാണെന്നും ഗുരുസ്വാമി പലതവണ പറഞ്ഞെങ്കിലും ആരും കേൾക്കാൻ കൂട്ടാക്കിയില്ല.
എയ്ഡ് പോസ്റ്റിലെ പോലീസുകാരാണ് മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞതെന്നും ഇയാൾ പറഞ്ഞെങ്കിലും ആരും അംഗീകരി ച്ചില്ല.
ഒടുവിൽ എയ്ഡ് പോസ്റ്റിലെ പോലീസുകാർ സ്ഥലത്ത് എത്തി തങ്ങളുടെ നിർദേശപ്രകാരമാണ് പക്ഷിയെ കൊണ്ടുപോകുന്നതെന്നു വ്യക്തമാക്കിയതോടെ ഗുരുസ്വാമിയുടെ നിരപരാധിത്വം തെളിഞ്ഞു.
പിന്നീട് പാറന്പുഴയിൽനിന്ന് വനംവകുപ്പ് അധികൃതരെത്തി പക്ഷിയെ കൂട്ടിലാക്കി കൊണ്ടുപോകുകയും പരിക്കുകൾ ഒന്നും ഇല്ലെന്നു കണ്ടതോടെ തുറന്നു വിടുകയും ചെയ്തു.