കോട്ടയം: റേഷന്‍ വിതരണ കേന്ദ്രങ്ങളുടെ നിലവിലെ പ്രവര്‍ത്തന സമയം വൈകുന്നേരം വരെ ദീര്‍ഘിപ്പിക്കുന്ന രീതിയില്‍ പുനക്രമീകരിക്കണെന്ന് ആവശ്യമുയര്‍ന്നു.നിലവില്‍ രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെയാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തനം.
പലയിടങ്ങളിലും രാവിലെ ഒന്പതിനു ശേഷമാണു കടകള്‍ തുറന്നു വരിക. 2.30ന് കടകള്‍ അടയ്ക്കുന്നതിനാല്‍ വൈകുന്നേരം ജോലി കഴിഞ്ഞു വരുന്നവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നില്ലെന്നതാണ് നിലവിലെ പരിമിതി.
മുന്‍പ് റേഷന്‍ കടകളുടെ പൊതുപ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ് ഒരു മണി മുതല്‍ എട്ടുവരെയുമായിരുന്നു. കോവിഡ് വ്യാപനം വന്നപ്പോള്‍ ആദ്യഘട്ടത്തില്‍ രാവിലെ എട്ടുമുതല്‍ ഒരു മണി വരെയും പിന്നീട് മൂന്നു മുതല്‍ ഏഴുവരെയുമായി പുനക്രമീകരിച്ചു.
വൈകുന്നേരം അഞ്ചിന് എല്ലാ കടകളും അടയ്ക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തനം വന്നതോടെയാണ് ഉച്ചകഴിഞ്ഞ് 2.30ന് റേഷന്‍ വിതരണസമയം അവസാനിപ്പിച്ചത്.
ദൂരസ്ഥലങ്ങളില്‍ ജോലിക്കുപോയി വൈകുന്നേരം മടങ്ങി വരുന്നവര്‍ക്ക് നിലവിലെ സമയം പ്രായോഗികമല്ല. മാത്രമല്ല, ഏറ്റവും ദുര്‍ബല വിഭാഗങ്ങള്‍ക്ക് സംസ്ഥാന വിഹിതമായി 35 കിലോ അരിയും കേന്ദ്ര വിഹിതം ധാന്യങ്ങളും ലഭിക്കും.
ഇത്തരത്തില്‍ 50 കിലോ വരെ ധാന്യങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ സ്ത്രീകള്‍ക്കാവില്ല.പിങ്ക് കാര്‍ഡുള്ള ബിപിഎല്‍ കാര്‍ഡുകാര്‍ക്കും മറ്റു കാര്‍ഡുകളേക്കാള്‍ ഭക്ഷ്യധാന്യങ്ങളുണ്ട്.
കൂലിവേലക്കാര്‍ പലപ്പോഴും ജോലിക്കുശേഷം വീട്ടില്‍ മടങ്ങിവന്നതിനുശേഷമാണ് റേഷന്‍ കടകളിലും മറ്റ് വ്യാപാരസ്ഥാപനങ്ങളിലും സാധനങ്ങള്‍ വാങ്ങാനെത്തുക.
കോവിഡ് വ്യാപന തീവ്രത കുറയുമ്പോള്‍ പഴയതുപോലെ രാവിലെയും വൈകുന്നേരവുമായി സമയം ക്രമീകരിക്കുകയും രാത്രി ഏഴു വരെയെങ്കിലും റേഷന്‍ ലഭിക്കാന്‍ സൗകര്യം ഒരുക്കുകയും വേണമെന്നാണ് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത്.