ചെങ്ങന്നൂർ: പാണ്ടനാട് കുത്തിയതോട് ഒന്നാം വാർഡിൽ പുളിനിൽക്കും തറയിൽ വിനോജ് പി ചാക്കോയെ ജൂൺ 18ന് രാത്രി 11 മണിക്ക് സംഘമായെത്തിയ ആളുകൾ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
ഭാര്യയുടെയും രണ്ട് മക്കളുടെയും മുന്നിൽ വെച്ചാണ് വിനോജിന് നേരേ ആക്രമണം ഉണ്ടായത്. തലയ്ക്കും കൈയ്ക്കും ഗുരുതര പരിക്കേറ്റ വിനോജിന് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിൽ വിദഗ്ധ ചികിത്സ നൽകി.
വീടിനു സമീപത്തായി മദ്യപിക്കുകയും കഞ്ചാവ് വിൽപ്പന നടത്തുകയും ചെയ്തുവന്ന യുവാക്കളുടെ ബൈക്കുകൾ വീട്ടിലേക്കുള്ള വഴിയിൽ സ്ഥിരമായി തടസം ഉണ്ടാക്കുന്നതിനെ വിനോജ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു.
രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് ഇവിടെ കഞ്ചാവിന്റെയും മദ്യത്തിന്റെയും വിൽപ്പനയും ഉപയോഗവും നടത്തി വന്നിരുന്നത്.
പരിക്കേറ്റ വിനോജിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി കാർ തടയാൻ ശ്രമിക്കുകയും വാഹനത്തിന് നേരേ കല്ലെറിയുകയും ചെയ്തതായി കുടുംബം പറഞ്ഞു. ചെങ്ങന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.