കോട്ടയം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി നാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ഡൗണായിരിക്കും.സമ്പൂര്‍ണ ലോക്ഡൗണ്‍ ആണെങ്കിലും അവശ്യസര്‍വീസുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അടിയന്തര ആവശ്യ സര്‍വീസില്‍പ്പെട്ട കേന്ദ്ര-സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഓഫീസ് ഇവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും സഞ്ചരിക്കാം.
ആവശ്യ സര്‍വീസില്‍പ്പെട്ട 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായസ്ഥാപനങ്ങള്‍ കമ്പനികള്‍ക്കും പ്രവര്‍ത്തിക്കാം. ഇവിടങ്ങളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു യാത്ര ചെയ്യാം.
ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, പാല് ഉത്പാദന വിതരണ കേന്ദ്രങ്ങള്‍, കള്ള് ഷാപ്പുകള്‍, മത്സ്യ-മാംസ വിതരണ കേന്ദ്രങ്ങള്‍ എന്നിവയ്ക്കു രാവിലെ എഴു മുതല്‍ രാത്രി ഏഴു വരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകള്‍ ഹോം ഡെലിവറിയ്ക്കായി രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ പ്രവര്‍ത്തിക്കാം.
ദീര്‍ഘദൂര ബസ് സര്‍വീസുകള്‍, പൊതുഗതാഗതം, ചരക്ക് വാഹനങ്ങള്‍ എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങള്‍ക്കു മതിയായ രേഖകളോടെ പ്രോട്ടാക്കോള്‍ പാലിച്ചു സഞ്ചരിക്കാം.
രോഗികള്‍, സഹായികള്‍, വാക്സിനേഷനു പോകുന്നവര്‍ എന്നിവര്‍ക്കും തിരിച്ചറിയില്‍ കാര്‍ഡ് ഉപയോഗിച്ചു യാത്ര ചെയ്യാം. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ മുന്‍കുട്ടി രജിസ്റ്റര്‍ ചെയ്ത പരിപാടികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്താം.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു എസ്എച്ച്ഒയുടെ അനുമതി വാങ്ങണം. സൈറ്റ് എന്‍ജിനിയേഴ്സ്, സൂപ്പര്‍ വൈസര്‍മാര്‍ എന്നിവര്‍ക്ക് സ്ഥാപനം നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡോ അനുമതി പത്രമോ ഉപയോഗിച്ചു ജോലി സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യാം.