തൊടുപുഴ: സമസ്ത മേഖലകളിലും വിലക്കയറ്റം സൃഷ്ടിച്ച് ഇന്ധനവില കുതിക്കുന്നു. പൂപ്പാറയിലാണ് പെട്രോൾ വില നൂറുകടന്നത്.
ചരിത്രത്തിൽ ആദ്യമായി ജില്ലയിൽ പെട്രോളിന് വില സെഞ്ചുറിയിലെത്തിയതോടെ എന്തുചെയ്യുമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ജനങ്ങൾ.
ലോക്ഡൗണിനെത്തുടർന്നു വരുമാനം നിലച്ച് വറുതിയിലായ ജനങ്ങളുടെ അവസാന ചില്ലിക്കാശും പിഴിഞ്ഞെടുക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടിനെതിരേ നാടെങ്ങും പ്രതിഷേധാഗ്നി ആളിപ്പടരുകയാണ്.
കൂലിപ്പണിക്കാരും ഇടത്തരം കർഷകരും കൂടുതൽ അധിവസിക്കുന്ന ജില്ലയിലെ ജനങ്ങൾ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്പോഴാണ് ഇന്ധനക്കൊള്ള നടത്തുന്നത്.
മഹാപ്രളയവും കോവിഡും തീർത്ത ദുരിതത്തിൽ നിന്നു കരകയറാൻ ഇനിയും ഇവിടുത്തെ ജനങ്ങൾക്ക് കഴിഞ്ഞിട്ടില്ല.
ഇതിനിടെ ഇന്ധന വിലവർധനമൂലം നിത്യോപയോഗ സാധനങ്ങളുടെയും നിർമാണ സാമഗ്രികളുടേയുമെല്ലാം വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ ജീവിതത്തെ വറചട്ടിയിൽ നിന്നു എരിതീയിലേക്ക് വലിച്ചെറിയുകയാണ്.
ആരോഗ്യ, തൊഴിൽ, വ്യാപാര മേഖലകളിലും ഇന്ധനവില സൃഷ്ടിക്കുന്ന ആഘാതം ചെറുതല്ല. മരുന്നുകൾ ഉൾപ്പെടെയുള്ളവയ്ക്ക് വില വർധിക്കുന്നത് സാധാരണക്കാർക്ക് താങ്ങാനാവില്ല.
കോവിഡിനെത്തുടർന്നു പൊതുവാഹനങ്ങളിലെ യാത്ര ഉപേക്ഷിച്ച് സ്വകാര്യ വാഹനങ്ങളിലേക്കു തിരിഞ്ഞവർക്ക് ഇനി പഴയ അവസ്ഥയിലേക്ക് മടങ്ങേണ്ടിവരും.
ജില്ലയിൽ കഴിഞ്ഞ ഒരുമാസത്തിനിടെ ഡീസലിനും പെട്രോളിനും 20 രൂപയുടെ വരെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഈ പോക്കിന് കടിഞ്ഞാണിട്ടില്ലെങ്കിൽ വിലക്കയറ്റം സൃഷ്ടിക്കുന്ന ആഘാതം മൂലം സമസ്തമേഖലയേയും തീരാദുരിതത്തിലാക്കും.