നാദാപുരം: മോറിസ് കോയിന് ക്രിപ്റ്റോ കമ്പനിയുടെ തട്ടിപ്പില്‍ പുറമേരി സ്വദേശിനിക്ക് നഷ്ടമായത് 15 ലക്ഷം രൂപ.
പുറമേരി മീത്തലെ പുനത്തില്‍ ഷഹനാസ് ബാനുവിനും ബന്ധുക്കള്‍ക്കുമാണ് പണം നഷ്ടമായത്. ഷഹനാസ് ബാനു നല്കിയ പരാതിയില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മോറിസ് കോയിന് ക്രിപ്റ്റോ കറന്‍സി എന്ന സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കമ്പനിയുടെ പിന് സ്റ്റോക്ക് കമ്പനിയുടെതെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൊടുത്ത ബാങ്ക് അക്കൗണ്ടിലേക്ക് 2020 ഒാഗസ്റ്റ് 24 തിയ്യതി മുതല്‍ ഷഹനാസിനേയും ബന്ധുക്കളെയും കൊണ്ട് 15 ലക്ഷം രൂപ നിക്ഷേപിപ്പിച്ച ശേഷം തുകയോ ലാഭ വിഹിതമോ തിരിച്ച് കൊടുക്കാതെ ചതിച്ചെന്നാണ് പരാതി.
ഷഹനാസിനെയും ഭര്‍ത്താവ് ഷജീറിനെയും 2020 ജൂൺ 30 മുതല്‍ നിരന്തരം ഫോണില്‍ വിളിച്ച് മലപ്പുറം സ്വദേശികളായ നിഷാദ്, ഗഫൂര്‍ എന്നിവർ പണം നിക്ഷേപിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
യു ട്യൂബില്‍ കണ്ട വീഡിയോ ഡൗണ്‍ ലോഡ് ചെയ്ത് അതില്‍ വന്ന ഫോറം പൂരിപ്പിച്ച് ആധാര്‍ നമ്പര്‍, പാന്‍കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ കൊടുത്താണ് പണം നിക്ഷേപിച്ചത്.
ഒരു തവണ മൂന്ന് ലക്ഷം നിക്ഷേപിച്ചാല്‍ മാസത്തില്‍ ഒരു ലക്ഷം തിരിച്ച് നല്‍കുമെന്നാണ് വാഗ്ദാനം. ആദ്യ ഒരു മാസം ഒരു ലക്ഷം കിട്ടിയതോടെ ബന്ധുക്കളും ഷഹനാസും വീണ്ടും പണം നിക്ഷേപിക്കുകയായിരുന്നു.
പിന്നീട് ലാഭ വിഹിതം തിരിച്ച് കിട്ടാതായതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ഇത്തരത്തില്‍ ഷഹനാസിനും ബന്ധുക്കള്‍ക്കും 15 ലക്ഷം നഷ്ടമായെന്നാണ് പരാതിയില്‍ പറയുന്നത്.