സ്വന്തം ലേഖകൻ
കണ്ണൂർ: രാമനാട്ടുകര സംഭവവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിൽ അന്വേഷണം കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങളിലേക്കെന്ന് സൂചന.
കണ്ണൂർ സ്വദേശി അർജുന്റെ അഴീക്കലിലെ വീട്ടിൽ കസ്റ്റംസ് നടത്തിയ റെയ്ഡിൽ നിർണായകമായ തെളിവുകൾ ലഭിച്ചതായാണ് സൂചന.
ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികളുമായി നിരന്തര ബന്ധം പുലർത്തുന്ന അർജുൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
ഇയാൾക്ക് ശുഹൈബ് വധക്കേസിലെ പ്രതിയും സജീവ സിപിഎം പ്രവർത്തകനുമായ ഒരാളുമായി ബന്ധമുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്.
സ്വർണക്കടത്ത് കേസിൽ ശുഹൈബ് വധക്കേസിലെ പ്രതികൾക്കും ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
അർജുനനും ശുഹൈബ് വധക്കേസിലെ പ്രതിയും ഒരുമിച്ചുള്ള ചിത്രങ്ങളും അന്വേഷണംസംഘത്തിന് ലഭിച്ചു. കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് പ്രവന്റീവ് സംഘമാണ് പരിശോധന നടത്തിയത്.
കണ്ണൂരിൽ നിന്നുള്ള സ്വർണക്കടത്ത് സംഘത്തിന്റെ ഇടനിലക്കാരനാണ് അർജുൻ എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.
അർജുനന്റെ ചുവന്ന സ്വിഫ്റ്റ് കാറാണ് ഇതിന് തെളിവായി അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇത് കണ്ടെത്തുന്നതിനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.