സ്വന്തം ലേഖകന്‍
കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കൊടുവള്ളി വാവാട് സ്വദേശി ടി.കെ.സൂഫിയാന്റെ പങ്കിനെ കുറിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അന്വേഷിക്കും.
177 കോടിയോളം രൂപ വിലവരുന്ന 570 കിലോ സ്വര്‍ണം വിവിധ വിമാനത്താവളങ്ങള്‍ വഴി കടത്തിയ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണം.
രാമനാട്ടുകര സംഭവത്തില്‍ സൂഫിയാന്റെ പങ്ക് തെളിഞ്ഞാല്‍ ഡിആര്‍ഐയും കേസില്‍ വിശദമായ അന്വേഷണം നടത്തും. സൂഫിയാനെതിരേ ഇപ്പോഴും ഡിആര്‍ഐയില്‍ കേസുകളുണ്ട്.
അതേസമയം രാമനാട്ടുകര സംഭവത്തില്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.
സ്വര്‍ണക്കവര്‍ച്ചയ്ക്കായി വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി ക്വട്ടേഷന്‍ സംഘങ്ങളെ ഏകോപിപ്പിച്ചത് സൂഫിയാനാണെന്നാണ് കസ്റ്റംസും പോലീസും സംശയിക്കുന്നത്.
രാമനാട്ടുകര അപകടം നടന്നതിനു തൊട്ടുപിന്നാലെ തന്നെ സൂഫിയാന് മുങ്ങിയതായാണ് വിവരം. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും.