മുക്കം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാക്സിൻ നൽകുന്നത് സംസ്ഥാനത്ത് പുരോഗമിക്കുമ്പോൾ വാക്സിനേഷൻ കേന്ദ്രങ്ങൾക്കെതിരേ പരാതികളും നിരവധിയാണ്.
വാക്സിൻ സ്വീകരിക്കാനായി എത്തുന്നവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നില്ല എന്നതുൾപ്പെടെയുള്ള പരാതികളാണ് പല കോണുകളിൽ നിന്നും ഉയരുന്നത്.
എന്നാൽ അത്തരം പരാതികളൊന്നും ഇല്ല എന്ന് മാത്രമല്ല വാക്സിനേഷനായി എത്തുന്നവർക്ക് ഹൈടെക് സൗകര്യം ഒരുക്കിയിരിക്കുകയാണ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ പുതിയ വാക്സിനേഷൻ കേന്ദ്രമായ പന്നിക്കോട്.
പന്നിക്കോട് എയുപി സ്കൂൾ അങ്കണത്തിലാണ് സ്കൂൾ അധികൃതരുടെ പൂർണ്ണ പിന്തുണയോടെ സെന്റർ പ്രവർത്തിക്കുന്നത്.
ഇവിടെ എത്തുന്നവർക്കായി സൗജന്യ വൈഫൈ കണക്ഷൻ, ടെലിവിഷൻ, ഫാൻ എന്നിവക്ക് പുറമേ വിശ്രമകേന്ദ്രം, ശൗചാലയം, എമർജൻസി വാഹനം, കോഫി സ്പോട്ട്, വിശാലമായപാർക്കിംഗ് സൗകര്യം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.
കേന്ദ്രത്തിന്റെ കോ ഓഡിനേറ്റർ കൂടിയായ മൂന്നാം വാർഡ് മെമ്പർ ശിഹാബ് മാട്ടു മുറിയുടെ ശ്രമഫലമായാണ് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
നേരത്തെ പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചന്റെ പ്രവർത്തനവും നാടിനാകെ മാതൃകയായി ശിഹാബിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. ഇതിനുള്ള അംഗീകാരം കൂടിയാണ് വാക്സിനേഷൻ കേന്ദ്രത്തിന്റെ ചുമതലയും ശിഹാബ് മാട്ടുമുറിക്ക് ലഭിച്ചത്.
പഞ്ചായത്തിലെ മുഴുവനാളുകൾക്കും സൗകര്യം ഉപയോഗപ്പെടുത്താനാവുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് പറഞ്ഞു. 500 ഓളം പേർക്കാണ് സെന്ററിൽ വാക്സിനേഷൻ സൗകര്യമൊരുക്കിയിരിക്കുന്നത്.
ഓപ്പൺ രജിസ്ട്രേഷൻ വഴിയും വാക്സിനെടുക്കാൻ സൗകര്യമുണ്ടന്ന് മെഡിക്കൽ ഓഫീസർ ഡോ. മനു ലാൽ പറഞ്ഞു. വാക്സിൻ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിർവഹിച്ചു. വാർഡ് മെമ്പർ ബാബു പൊലുകുന്നത്ത് അധ്യക്ഷത വഹിച്ചു.