അഞ്ചല്‍ : സ്ത്രീധനത്തിനെതിരെയുള്ള പോരാട്ടത്തില്‍ പെണ്‍കുട്ടികള്‍ ദുര്ബലരാകരുതന്നും അവര്‍ സ്വീകരിക്കേണ്ടത് ധീരതയോടുള്ള പ്രവര്‍ത്തനമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
യുവതലമുറ സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യവീട്ടുകാരെ സമ്മര്‍ദത്തിലാക്കുന്നത് കേരളത്തിനു അപമാനകരമാണ് എന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ പെണ്‍കുട്ടികള്‍ ഒറ്റയ്ക്കല്ല എന്നത് ഓര്‍ക്കുക. സമൂഹവും, നീതിന്യായ വ്യവസ്ഥയും അവര്‍ക്കൊപ്പം ഉണ്ടാകും. ധൈര്യത്തോടെയുള്ള പ്രവര്‍ത്തനം ആകണം നടത്തേണ്ടത്,
ഒരുനിമിഷത്തെ പ്രവര്‍ത്തിയില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കരുത്. നാല് പെണ്‍കുട്ടികള്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രതികരിച്ചാല്‍ ഇനി ഒരു വിസ്മയ കേരളത്തില്‍ ഉണ്ടാകില്ലെന്നും അദേഹം പറഞ്ഞു
ശാസ്താംകോട്ട പോരുവഴിയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച വിസ്മയയുടെ നിലമേലിലുള്ള വീട് സന്ദര്‍ശിച്ച ശേഷമാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ഇന്നലെ രാവിലെ വിസ്മയയുടെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് മാതാപിതാക്കള്‍, സഹോദരന് ബന്ധുക്കള്‍ അടക്കമുള്ളവരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഒപ്പം നീതിയ്ക്കായുള്ള പോരാട്ടത്തില്‍ എല്ലാ പിന്തുണയും കുടുംബത്തിന് അദ്ദേഹം ഉറപ്പ് നല്കി.
ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെപിസിസി ജനറല്‍സെക്രട്ടറി എം.എം നസീര്‍ എന്നിവരും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും വി ഡി സതീശനോപ്പം വിസ്മയയുടെ വീട്ടില്‍ എത്തിയിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെ റവന്യുമന്ത്രി കെ രാജനും വിസ്മയയുടെ വീട്ടില്‍ എത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി കെ. രാജൻ എല്ലാ സഹായവും വാഗ്ദാനം ചെയ്ത ശേഷമാണ് മടങ്ങിയത്.