കണ്ണൂർ: സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി ഉപയോഗിച്ചത് സിപിഎം പാർട്ടി അംഗമായ ഡിവൈഎഫ്ഐ നേതാവിന്റെ കാറെന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു.
അർജുൻ ഉപയോഗിച്ചിരുന്ന കാറിന്റെ ഉടമ ഡിവൈഎഫ്ഐ ചെന്പിലോട് മേഖല സെക്രട്ടറി സി. സജേഷാണ്.എന്നാൽ തന്റെ അനുവാദമില്ലാതെ അർജുൻ കാർ കൊണ്ടു പോകുകയായിരുന്നുവെന്നാണ് സജേഷ് പറയുന്നത്.
ഇതു സംബന്ധിച്ച് സജേഷ് പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഈ വിഷയം കൂടി സജീവ ചർച്ചയായി മാറുന്നതിനിടെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയോഗം ഇന്നു രാവിലെ ആരംഭിച്ചു.
തെരഞ്ഞെടുപ്പ് അവലോകനമാണ് അജണ്ടയെങ്കിലും സ്വർണക്കടത്ത് കേസിൽ പാർട്ടിയുടെ സൈബർ പോരാളികളായവർ ഉൾപ്പെട്ടതും ചർച്ച ചെയ്യപ്പെടും.
ക്വട്ടേഷൻ സംഘങ്ങൾക്കും പാർട്ടിയുടെ സൈബർ പോരാളികളെന്ന് സ്വയം പ്രഖ്യാപിച്ച് സമൂഹ മാധ്യമങ്ങളിൽ സിപിഎമ്മിന്റേതെന്ന നിലയിൽ പോസ്റ്റുകളിടുകയും ചെയ്യുന്നവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞിരുന്നു.
അതേ സമയം കള്ളക്കടത്ത് സംഘവുമായി പാർട്ടിയിലെ ആർക്കെങ്കിലും ബന്ധങ്ങളുണ്ടോ എന്ന കാര്യവും അന്വേഷിക്കും.
തള്ളിപ്പറഞ്ഞ് ഡിവൈഎഫ്ഐ
അതിനിടെ സമൂഹ മാധ്യമങ്ങളിൽ സിപിഎം സൈബർ പോരാളികളായി പ്രവർത്തിച്ചിരുന്ന ആകാശ് തില്ലങ്കേരിയെയും അർജുൻ ആയങ്കിയെയും ഡിവൈഎഫ്ഐയും തള്ളി പറഞ്ഞു.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം. ഷാജർ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇവരെ തള്ളി പറഞ്ഞിരിക്കുന്നത്.
പകൽ മുഴുവൻ ഫെയ്സ് ബുക്കിൽ ചെലവഴിക്കുകയും രാത്രി നാട് ഉറങ്ങുന്പോൾ കള്ളക്കടത്ത് നടത്തുകയും ചെയ്യുന്ന “പോരാളി സിംഹങ്ങളാണ്’ ക്വട്ടേഷൻ സംഘങ്ങളെന്ന് ഇരുവരുടെയും പേരുകൾ പറയാതെ ഷാജർ കുറിച്ചിട്ടു.
എന്നാൽ ഇതിനു താഴെ കമന്റിൽ പലരും ഇരുവരുടെയും പേരുകൾ വ്യക്തമാക്കുകയും ഇത്തരക്കാരെ സംരക്ഷിക്കരുതെന്ന് പറയുകയും ചെയ്തിട്ടുണ്ട്.
ഫാൻസ് ക്ലബുകളെന്ന പോലെ പാർട്ടിയെയും നേതാക്കളുടെയും പേരിൽ ഗ്രൂപ്പുകളുണ്ടാക്കുന്നതിലും ഇതിൽ സ്വയം സൈബർ പോരാളികളായി ഇതിന്റെ മറവിൽ കള്ളക്കടത്ത് പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെ കുറിച്ചുള്ള ആശങ്കകളും പോസ്റ്റിലുണ്ട്. കള്ളക്കടത്ത് കാരുടെ പോസ്റ്റുകൾക്ക് ലൈക്ക് നൽകരുതെന്നും നിർദേശിക്കുന്നുണ്ട്.