കോട്ടയം: പണിതീർന്ന റോഡ് ഇനി പൈപ്പിടാൻ കുഴിക്കില്ല, ഇതു സംബന്ധിച്ച് വകുപ്പുകൾ തമ്മിൽ ധാരണയായതായി മന്ത്രി റോഷി അഗസ്റ്റിൻ. ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി ചർച്ച നടത്തിയതായി റോഷി അഗസ്റ്റിൻ പറഞ്ഞു.
കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ തലയോലപ്പറന്പിൽ ഇത്തരത്തിൽ റോഡ് കുത്തിപ്പൊളിച്ച സ്ഥിതി ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രിയുടെ മറുപടി.
റോഡു നിർമാണത്തിനു മുന്പ് ജല വിഭവ, പൊതുമരാമത്ത്, വൈദ്യുതി തുടങ്ങിയ വിവിധ വകുപ്പുകളുമായി കൂടിയാലോചന നടത്തും.
റോഡ് നിർമിച്ച ശേഷം പൈപ്പ് പൊട്ടുന്ന സ്ഥിതി പിന്നീടുണ്ടാകില്ല. പൈപ്പ് ഇടുന്നത് അടക്കമുള്ള ചെലവുകൾ ഉൾപ്പെടുത്തിയാണ് റോഡിന്റെ വിശദമായ പദ്ധതിരേഖ തയാറാക്കുന്നത്.
ഇതിന് ആവശ്യമായ ചെലവുകൾ കൂടി പദ്ധതിയുടെ ഭാഗമാക്കാനാണ് ആലോചന. ഇക്കാര്യത്തിൽ പ്രാഥമിക ചർച്ചകളാണ് നടന്നിട്ടുള്ളതെന്നും അന്തിമ തീരുമാനം വൈകാതെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ നദികളെക്കുറിച്ച് സമഗ്ര പഠനം നടത്താൻ തീരുമാനിച്ചതായും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ശുദ്ധജലം ഉറപ്പാക്കുക എന്നത് പ്രധാന ലക്ഷ്യമെന്നും സംസ്ഥാനത്തെ നദികളെ സംരക്ഷിക്കുകയാണ് പ്രധാന ദൗത്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.