കൊച്ചി: കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് അണ്ഡാശയം നീക്കം ചെയ്യപ്പെട്ട അങ്കമാലി സ്വദേശിനിയായ ഇരുപത്തിയെട്ടുകാരി രണ്ടുവര്‍ഷത്തിനുശേഷം ശീതീകരിച്ചു സൂക്ഷിച്ച ഭ്രൂണത്തിലൂടെ കുഞ്ഞിനു ജന്മം നല്കി.
കാന്‍സര്‍ ചികിത്സയുടെ ഭാഗമായാണു യുവതിയുടെ അണ്ഡാശയങ്ങള്‍ നീക്കം ചെയ്തത്.
അണ്ഡാശയം നീക്കുന്നതിനു മുമ്പുതന്നെ യുവതിയുടെ അണ്ഡം പുറത്തെടുത്ത് ഐവിഎഫ്, ഐസിഎസ്ഐ രീതികളിലൂടെ ഭര്‍ത്താവിന്റെ ബീജവുമായി സങ്കലനം നടത്തി ഭ്രൂണത്തെ പിന്നീട് ഉപയോഗിക്കുന്നതിനായി ശീതീകരിച്ചു സൂക്ഷിക്കുകയായിരുന്നു.
കാന്‍സര്‍ മുക്തയായി ഒന്നരവര്‍ഷത്തിനുശേഷം ഹോര്‍മോണുകളുടെ അഭാവം മൂലം ഗര്‍ഭപാത്രം ആര്‍ത്തവവിരാമ ഘട്ടത്തിലെ വലിപ്പത്തിലേക്കു ചുരുങ്ങിയിരുന്നു.
ഹോര്‍മോണ്‍ ചികിത്സയിലൂടെ ഗര്‍ഭപാത്രം സാധാരണ നിലയിലായതിനുശേഷം രണ്ട് ഭ്രൂണങ്ങള്‍ അതിലേക്കു മാറ്റി.
കഴിഞ്ഞ ഏപ്രില്‍ 10ന് ആരോഗ്യമുള്ള ഒരു പെണ്‍കുഞ്ഞിനു യുവതി ജന്മം നല്കി. കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയിൽ ഗൈനക്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റും ഐവിഎഫ് വിഭാഗം മേധാവിയുമായ ഡോ. ഷമീമ അന്‍വര്‍ സാദത്തിന്റെ നേത്വത്തിലായിരുന്നു ചികിത്സ.