കോട്ടയം: ഐലൻഡ് എക്പ്രസിൽ മദ്യപിച്ചു കേറിയ യുവാവു സഹയാത്രികയെ കഞ്ചാവു കേസിൽ കുടുക്കാനായി വ്യാജ സന്ദേശം നൽകി. പ്രതി പിടിയിൽ.
പത്തനംതിട്ട സ്വദേശിയായ റസിയ മൻസിലിൽ ജിനീഷ്(41) ആണു പിടിയിലായത്. മദ്യപിച്ചു ട്രെയിനിൽ കേറിയ ജിനീഷ് സഹ യാത്രക്കാരിയോടു മോശമായി പെരുമാറുകയായിരുന്നു.
ഇതേത്തുടർന്നു യുവതി പ്രതികരിച്ചതോടെയാണ് ഇയാൾ റെയിവേ പോലീസിൽ വ്യാജ സന്ദേശം അറിയിച്ചത്.
യുവതിയുടെ ബാഗിൽ കഞ്ചാവുണ്ടെന്നും യുവതിയെ തിരിച്ചറിയാനുള്ള അടയാളങ്ങളടക്കം ഇയാൾ ഫോണ് വിളിച്ചു വിവരം നൽകുകയായിരുന്നു.
ഐലൻഡ് എക്സ്പ്രസ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും റെയിൽവേ പോലീസും റെയിൽവേ സുരക്ഷാ സേനയും യുവതിയുടെ ബാഗ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തുടർന്നു നടത്തിയ അന്വേഷണത്തിലാണു ജിനീഷ് കബളിപ്പിച്ചതാണെന്നു മനസിലായത്. ബോഗിയുടെ മുൻഭാഗത്തുകൂടെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ പോലീസ് പിടികൂടി.
പരിശോധനയിൽ ഇയാളുടെ പക്കൽ മദ്യം കണ്ടെത്തി. ചോദ്യം ചെയ്യലിൽ നൽകിയതു വ്യാജ സന്ദേശമാണെന്നു സമ്മതിച്ചു.
തുടർന്ന് ഇയാൾക്കെതിരേ വ്യാജ സന്ദേശം നൽകിയതിനും ട്രെയിനിൽ മദ്യപിച്ചു കയറിയതിനും കൈവശം മദ്യം സൂക്ഷിച്ചതിനും കേസെടുത്തു.
യുവതിക്കു പരാതിയില്ലെന്ന് അറിയിച്ചതിനെ തുടർന്നു മറ്റു വകുപ്പുകളിൽ കേസെടുത്തില്ല. പിന്നീട് ജിനീഷിനെ ജാമ്യത്തിൽ വിട്ടയച്ചു.
ഇത്തരത്തിൽ വ്യാജ സന്ദേശം നൽകുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നു റെയിവേ പോലീസും റെയിൽവേ സുരക്ഷാ സേനയും അറിയിച്ചു.