ചെർപ്പുളശേരി: ലോട്ടറി അടിച്ചുവെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന മൂന്നംഗ സംഘം പിടിയിൽ.
മുണ്ടക്കോട്ടുകുർശ്ശി പൂളക്കൽതൊടി സയന്ത് ( 26 ) , ചളവറ ചീരംകുന്നത് മൻസൂർ ( 27 ), എലിയപ്പറ്റ മഞ്ഞളങ്ങാടൻ സുലൈമാൻ ( 44 ) എന്നിവരെയാണ് ചെർപ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
അന്യ സംസ്ഥാന തൊഴിലാളികളായ ബംഗാളികളെ കൊണ്ട് ഈ സംഘം പണം കൊടുത്ത് ബാങ്കുകളിൽ നിന്ന് അക്കൗണ്ട് എടുപ്പിച്ച് ഇവരിൽ നിന്ന് പാസ് ബുക്കും എ ടി എം കാർഡുകളും കരസ്ഥമാക്കും.
തുടർന്ന് ഈ അക്കൗണ്ടും എ ടി എം കാർഡും ഉപയോഗപ്പെടുത്തി മറ്റുള്ളവരുടെ മൊബൈൽ ഫോണിലേക്ക് നിങ്ങൾക്ക് ലക്ഷം രൂപയുടെ ഭാഗ്യക്കുറി അടിച്ചിട്ടുണ്ടെന്നും ഈ അക്കൗണ്ടിലേക്ക് പതിനായിരം രൂപയോ, ഇരുപതിനായിരം രൂപയോ ജി എസ് ടി യിനത്തിൽ അടക്കണമെന്ന് സന്ദേശം അയച്ച് കബളിപ്പിക്കുകയാണ് പതിവ്.
ചിലർ ലക്ഷം രൂപയോളം ഭാഗ്യക്കുറി ലഭിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിച്ച് ഈ സംഘം പറയുന്ന അക്കൗണ്ടിലേക്ക് പണം അയക്കുകയാണ് പതിവ്.
തുടർന്ന് പോലീസിൽ പരാതിപ്പെട്ടാൽ അക്കൗണ്ടുള്ള നിരപരാധികളായിരിക്കും പിടിക്കപ്പെടുക. ഇത്തര ത്തിൽ വർഷങ്ങളായി നടത്തി വരുന്ന തട്ടിപ്പ് പോലീസ് സൈബർ സെല്ലിന്റെയും മറ്റു സഹായത്തോടെയാണ് പ്രതികളെ കുടുക്കിയത്.
ഈ സംഘത്തിൽ നിരവധി പാസ്ബുക്കുകളും എ ടി എം കാർഡുകളും പോലീസ് പിടിച്ചെടുത്തു. പ്രതികളിൽ ഒരാളായ മൻസൂറിന്റെ വീട്ടിൽ നിന്നും മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട്.
കൂടുതൽ പ്രതികൾ ഉള്ളതായി പോലീസ് സംശയിക്കുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.