കോട്ടയം: പത്തിൽ താഴേക്കു വന്ന കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുത്തനെ ഉയർന്നേക്കാമെന്ന വിധം കടകന്പോളങ്ങളിലും പൊതുവാഹനങ്ങളിലും തിരക്കേറി. ലോക്ക് ഡൗണിനും നിയന്ത്രണങ്ങൾക്കും ലഭിച്ച ഇളവുകൾ പലയിടങ്ങളിലും ആൾക്കൂട്ടമായി മാറുന്ന സാഹചര്യമാണ്.
മതചടങ്ങുകൾക്കും വിവാഹം, മരണം ഉൾപ്പെടെയുള്ള ചടങ്ങുകൾക്കും ആൾനിയന്ത്രണം പാലിക്കപ്പെടുന്നുണ്ടെങ്കിലും പൊതു ഇടങ്ങളിൽ ജനത്തിരക്കും വാഹനക്കുരുക്കും പതിവായിരിക്കുന്നു.
ബിവറേജ് ഔട്ട്ലെറ്റുകളിലെ ആൾക്കൂട്ടം രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകുന്നു.
കോവിഡ് വ്യാപനത്തോത് 15 ശതമാനത്തിൽ താഴെയെത്തിയ നാലു പഞ്ചായത്തുകളിൽ നിരക്ക് വർധനയ്ക്ക് സാധ്യതയേറിയതോടെ തദ്ദേശസ്ഥാപനങ്ങൾ പ്രാദേശികമായി നിയന്ത്രണം ഏർപ്പെടുത്തി.
നിലവിലെ സാഹചര്യത്തിൽ അടുത്തയാഴ്ച രോഗവ്യാപനത്തോത് നേരിയ തോതിൽ ഉയർന്നേക്കാമെന്ന് ആരോഗ്യവകുപ്പ് ആശങ്കപ്പെടുന്നു. ഈ സാഹചര്യത്തിൽ രോഗവ്യാപനം കൂടുന്ന വാർഡുകളിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്താനാണ് നീക്കം.
നിലവിൽ രോഗികളില്ലാത്ത വാർഡുകളിൽ രോഗികളുടെ എണ്ണം അഞ്ചിൽ കൂടിയാൽ അടിയന്തര ഇടപെടലുകൾ തദ്ദേശസ്ഥാപനങ്ങൾ ഏർപ്പെടുത്തും. ബസുകളിൽ എല്ലാ സീറ്റുകളിലും ഇരുന്നു യാത്ര അനുവദിച്ചതിനു പിന്നാലെ നിന്നുള്ള യാത്രയും പതിവായി.
അകലം പാലിക്കാത്ത ആൾക്കൂട്ടം ഉണ്ടാകുന്ന സാഹചര്യമാണ് രോഗവ്യാപനത്തിന് അടിസ്ഥാന കാരണം. കോവിഡ് വൈറസ് രണ്ടാം വ്യാപനത്തിന്റെ അവസാന ഘട്ടത്തിലും മാരകമായ നിലയിലാണ്.
സന്പർക്കമുണ്ടായാൽ പഴയ തോതിൽതന്നെ രോഗം അതിവേഗം പടർന്നുകയറും. നിലവിലെ പ്രതിരോധ നീക്കങ്ങളെല്ലാം താറുമാറാകുന്ന സാഹചര്യവും വന്നേക്കാം.
മൂന്നാം തരംഗത്തിനുള്ള സാധ്യത മുന്നിൽ കാണുന്പോഴാണ് നിലവിലെ നിയന്ത്രണ ഇളവുകൾ പലയിടങ്ങളിലും ആൾക്കൂട്ടമായി മാറിക്കൊണ്ടിരിക്കുന്നത്.