മിനിയാപോളീസ്: ജോർജ് ഫ്ലോയ്ഡ് വധത്തിൽ മുൻ പോലീസ് ഓഫീസർ ഡെറിക് ഷോവിന് (45) 22 വര്ഷവും ആറുമാസവും തടവ് ശിക്ഷ. മിനിയാപോളീസ് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. അധികാര ദുർവിനയോഗത്തിനും ക്രൂരതയും കണക്കിലെടുത്താണ് ശിക്ഷയെന്ന് കോടതി പറഞ്ഞു.
ആഫ്രിക്കൻ വംശജനായ ഫ്ലോയ്ഡ് പോലീസ് നടപടിക്കിടെ കൊല്ലപ്പെട്ട സംഭവം ആഗോളതലത്തിൽ വംശീയവിവേചനത്തിനെതിരായ പ്രതിഷേധങ്ങൾക്കു കാര ണമായിരുന്നു. വെള്ളക്കാരനായ ഷോവിനെതിരേ ചുമത്തിയ മൂന്നു കുറ്റങ്ങളും വിചാരണയിൽ തെളിഞ്ഞിരുന്നു. അദ്ദേഹം അപ്പീൽ നല്കുമെന്നാണു സൂചന.
വിധിയെ സ്വാഗതം ചെയ്ത് ഫ്ലോയ്ഡിന്റെ കുടുംബം
ഫ്ലോയ്ഡിന്റെ കുടുംബം വിധിയെ സ്വാഗതം ചെയ്തു. ഈ വിധി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ക്രൂരതകൾ ഗൗരവമായി പരിഗണിക്കുന്നുവെന്നാണ് കാണിക്കുന്നത്. പ
ക്ഷേ “ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്- ഫ്ലോയ്ഡിന്റെ സഹോദരി ബ്രിഡ്ജറ്റ് ഫ്ളോയിഡ് പറഞ്ഞു. വിധി ഉചിതമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.
അന്നു സംഭവിച്ചത്
2020 മേയ് 25നു വൈകുന്നേരം മിന്നസോട്ട സംസ്ഥാനത്തെ മിനിയാപോളീസ് നഗരത്തിൽ പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടെയാണ് ഫ്ളോയ്ഡ്(46) കൊല്ലപ്പെട്ടത്.
ഇവിടുത്തെ ഒരു കടയിൽ സിഗരറ്റ് വാങ്ങി നല്കിയ 20 ഡോളർ നോട്ട് വ്യാജമാണെന്നു സംശയിച്ച് കടക്കാരൻ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
കീഴടക്കാനുള്ള ശ്രമത്തിനിടെ ഡെറിക് ഷോവിൻ ഫ്ളോയ്ഡിനെ റോഡിൽ കമിഴ്ത്തിക്കിടത്തി കഴുത്തിൽ മുട്ടുകുത്തിനിന്നത് ഒൻപതു മിനിറ്റിലധികമാണ്.
ശ്വാസം മുട്ടുന്നതായി ഫ്ളോയ്ഡ് ആവർത്തിച്ചുകൊണ്ടിരുന്നു. ദൃക്സാക്ഷികൾ അദ്ദേഹത്തെ വിടാൻ അപേക്ഷിച്ചെങ്കിലും ഷോവിൻ ചെവിക്കൊണ്ടില്ല.
ആംബുല ൻസ് എത്തിയപ്പോഴേക്കും ഫ്ളോയ്ഡ് നിശ്ചലനായിരുന്നു. ഒരു മണിക്കൂറിനുശേഷം അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു. ഷോവിനൊപ്പമുണ്ടായിരുന്ന മൂന്നു പോലീസുകാരുടെ വിചാരണ ആരംഭിച്ചിട്ടില്ല.
വിചാരണ
മൂന്നാഴ്ച നീണ്ട വിചാരണയിൽ കോടതി 45 സാക്ഷികളെ വിസ്തരിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു. പോലീസിന്റെ നടപടിക്കിടെ പ്രാണവായു ലഭിക്കാതെയാണു ഫ്ലോയ്ഡ് മരിച്ചതെന്നു വിദഗ്ധർ കോടതിയെ അറിയിച്ചു.
മനഃപൂർവമല്ലാത്ത നരഹത്യയും കൊലപാതകവും അടക്കം ഷോ വിനെതിരേ ചുമത്തപ്പെട്ട മൂന്നു കുറ്റങ്ങളും തെളിഞ്ഞതായി 12അംഗ ജൂറി ഐകകണ്ഠേന വിധിയെഴുതി.
ഫ്ലോയ്ഡിന്റെ കഴുത്തിൽ മുട്ടുകുത്തിനിൽക്കുന്ന ഷോവിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. വംശീയ വിവേചനത്തിനെതിരേ മിന്നിയാപോളീസ് നഗരത്തിൽ ആരംഭിച്ച പ്രതിഷേധം അമേരിക്കയ്ക്കു പുറത്തേക്കും വ്യാപിച്ചു.
ജൂറി വിധി പ്രസ്താവിച്ചതിനു പിന്നാലെ അമേരിക്കയിൽ വ്യാപകമായി ആ ഘോഷപ്രകടനങ്ങൾ നടന്നു.