വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് ബൈജു. തന്റെ അഭിനയജീവിതത്തിലെ ചില സംഭവങ്ങള്‍ അടുത്തയിടെ ബൈജു തുറന്നുപറഞ്ഞിരുന്നു. ബൈജുവിന്റെ വാക്കുകള്‍ ഇങ്ങനെ…
അഭിനയിക്കാന്‍ ഒരിക്കലും ആരോടും ചാന്‍സ് ചോദിച്ച് നടന്നിട്ടില്ല. ഇടിച്ചുകേറുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. രഞ്ജിത്ത് ഒരിക്കല്‍ എന്റെ പടം കണ്ട് അഭിനന്ദിക്കാന്‍ വിളിച്ചു.
എങ്കിലും നിങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ നിങ്ങള്‍ എന്നെ വിളിച്ചില്ലല്ലോ എന്നാണ് എന്റെ മനസില്‍ തോന്നിയിരുന്നത്.
പിന്നീട് കുറേ കാലം കഴിഞ്ഞ് അഭിനയമെല്ലാം നിര്‍ത്താമെന്ന് കരുതിയിരുന്ന സമയത്ത് ഞാന്‍ രഞ്ജിത്തിനെ വിളിച്ചു. നല്ലൊരു സിനിമയില്‍ അഭിനയിച്ചിട്ട് നിര്‍ത്തണമെന്നാണ് കരുതുന്നത്.
നിങ്ങളുടെ ഒരു സിനിമയില്‍ അഭിനയിച്ചിട്ട് എനിക്ക് നിര്‍ത്തണം എന്ന് ഞാന്‍ രഞ്ജിത്തിനോട് പറഞ്ഞു. അഭിനയം നിര്‍ത്തുന്നതൊന്നും ആലോചിക്കരുതെന്നാണ് രഞ്ജിത്ത് അന്ന് മറുപടി പറഞ്ഞത്.
അങ്ങനെയാണ് പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത പുത്തന്‍പണം എന്ന പടത്തില്‍ അഭിനയിക്കുന്നത്. പുത്തന്‍ പണത്തിന് ശേഷം പിന്നീട് തുടര്‍ച്ചയായി സിനിമകള്‍ വന്നു.
ഇനി മുതല്‍ ഒന്നോ രണ്ടോ സീനുകള്‍ മാത്രം കിട്ടുന്ന സിനിമകള്‍ ഒഴിവാക്കി കാര്യമായ റോളുകള്‍ മാത്രമേ ചെയ്യൂവെന്നാണ് തീരുമാനിച്ചിട്ടുള്ളത്. -ബൈജു വ്യക്തമാക്കി . -പിജി