ചെങ്ങന്നൂര്‍: കോവിഡ് മൂലം അമ്മയെ നഷ്ടപ്പെട്ട കുഞ്ഞു ശ്രേയയെ കാണാന്‍ മന്ത്രി സജി ചെറിയാന് വീട്ടിലെത്തി.
നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ ശ്രേയയുടെ മാതാവ് ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ കൊച്ചാദിശ്ശേരിയില് നാരായണ സദനത്തില്‍ ആശകുമാര്‍ കുവൈറ്റിലെ സ്വകാര്യ സ്കൂളിലെ ക്ലിനിക്കില്‍ നഴ്സ് ആയി ജോലി നോക്കവേ കഴിഞ്ഞ മേയ് 20ന് കോവിഡ് രോഗബാധിതയായി കുവൈറ്റില്‍ വച്ച് മരണമടഞ്ഞിരുന്നു. ശ്രേയയുടെ സഹോദരി ശ്രേഷ്മ, പിതാവ് ശ്യാമിനോടൊപ്പം കുവൈറ്റിലാണ്.
കഴിഞ്ഞ മൂന്നു വര്‍ഷമായി ശ്രേയ ആശയുടെ മാതാപിതക്കളായ കെ എന്‍ കുമാരന്റെയും രാധാമണിയോടുമൊപ്പമാണ് കഴിയുന്നത്. സാമ്പത്തിക പരാധീനതകളുടെ നടുവില്‍ കഴിയുന്ന കുമാരന് വീടോ മറ്റു വരുമാനമോ ഇല്ല.
പക്ഷാഘാതം മൂലം തളര്‍ന്നു പോയ രാധാമണിയെ പരിചരിക്കേണ്ടതിനാല്‍ കുമാരന് ജോലിക്കു പോകാനും കഴിയുന്നില്ല. വാടക വീടിന്റെ ഒരു ഭാഗത്ത് കഴിയുന്ന ഈ കുടുംബത്തിന്റെ ഏക ആശ്രയം ആശയുടെ വരുമാനമായിരുന്നു.
കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് മന്ത്രി സജി ചെറിയാന് ആശയുടെ വീട് സന്ദര്‍ശിച്ചു. ടിവിയില്‍ മാത്രം കണ്ടിരുന്ന മന്ത്രി വീട്ടിലെത്തിയതില്‍ ശ്രേയയ്ക്കും സന്തോഷമായി.
കുവൈറ്റില്‍ ആശ ജോലി ചെയ്ത സ്ഥാപനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ സാധ്യമായതെല്ലാം ചെയ്യാമെന്ന ഉറപ്പ് മന്ത്രി നല്കി.
ഒപ്പം രാധാമണിയുടെ തുടര്‍ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങള്‍ക്ക് കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയെ ചുമതലപ്പെടുത്തി.
കരുണ സൊസൈറ്റി പ്രവര്‍ത്തകരായ എം കെ മനോജ്, ടി കെ സുഭാഷ്, കെ എസ് രഞ്ജിത്ത് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.