മാരാരിക്കുളം: മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ പശുക്കൾക്കായി തീറ്റശേഖരിക്കുന്ന തിരക്കിലാണ് വാർഡ് മെമ്പർ ടി.പി.ഷാജി.
തന്റെ വാർഡിൽ കോവിഡ് ബാധിച്ച കുടുംബങ്ങളിൽ പശുക്ക ൾക്ക് തീറ്റ പുല്ലുകൾ എത്തിച്ചതിന് പുറമേ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ദയ എന്ന പദ്ധതിയിലുള്ള തൊഴുത്തിലേക്കും ദിവസവും പുല്ലരിഞ്ഞ് എത്തിക്കുകയാണിപ്പോൾ.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഒരു ദിനചര്യ പോലെ കൊണ്ടു പോകുകയാണ് ഷാജി. ഇതിനകം 16,500ലേറെ ഉപയോഗശൂന്യ മായ മാസ്കുകൾ ഈ ജനപ്രതിനിധി തെരുവിൽ നിന്നും പെറുക്കി നശിപ്പിച്ചു .
കോവിഡ് പോസിറ്റീവ് ആയ വീടുകളിൽ എത്തി വേണ്ടുന്ന എല്ലാ കാര്യങ്ങളും ജനപ്രതിനിധി എന്ന നിലയിൽ ചെയ്തു പോരുന്നു.
ഭക്ഷണം വേണം എന്ന് പറയുന്നവർക്ക് ഭക്ഷണവും മരുന്ന് വേണമെന്ന് പറയുന്നവർക്ക് അതും റെഡി. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്ക്കരിക്കാനും ഷാജി മുന്നിലുണ്ട്.
വാർഡിലെ കുട്ടികൾക്ക് നോട്ടുബുക്കുകൾ എത്തിക്കുന്നതിലും നിർധനരായവർക്ക് സ്പോൺസർമാരെ കണ്ടെത്തി സ്മാർട്ട് ഫോണുകൾ വാങ്ങി നൽകാനും ഷാജി ശ്രദ്ധിക്കാറുണ്ട്.