അമ്പലപ്പുഴ: ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച റോഡ് മത്സ്യ വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രമായി മാറുന്നു. ദേശീയപാതയിൽ വളഞ്ഞ വഴി ജംഗ്ഷന് സമീപമാണ് പുതുതായി നിർമിച്ച നടപ്പാതയിൽ മത്സ്യ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത്.
ഏതാനും മാസം മുന്പാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ വളഞ്ഞ വഴി ജംഗ്ഷനിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഇതിന് തൊട്ടുപിന്നാലെ ഇൻസുലേറ്റഡ് വാഹനങ്ങൾ ഉൾപ്പെടെയുള്ള ധാരാളം മത്സ്യവാഹനങ്ങൾ ഇവിടെ പതിവായി പാർക്ക് ചെയ്ത് തുടങ്ങി.
പരാതി വ്യാപകമായതോടെ അന്നത്തെ മന്ത്രി ജി.സുധാകരന്റെ നിർദേശ പ്രകാരം പോലീസും മോട്ടോർ വാഹന വകുപ്പും പരിശോധന കർശനമാക്കിയിരുന്നു. ഇതോടെ മത്സ്യവാഹനങ്ങളുടെ പാർക്കിംഗ് ഇടക്കാലത്ത് നിർത്തിവെച്ചു.
എന്നാൽ പരിശോധന നിലച്ചതോടെ വീണ്ടും അനധിക്യത പാർക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. പുലർച്ചെ മുതൽ ഇൻസുലേറ്റഡ് ലോറികൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇവിടെ പാർക്ക് ചെയ്ത് മത്സ്യം കയറ്റിറക്ക് ചെയ്യുന്നത്.
ഇതോടെ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച നടപ്പാത മലിനജലം വീണ് തകരുമെന്നാണ് പറയുന്നത്. പരിശോധന കർശനമാക്കി ഇവിടുത്തെ അനധികൃത പാർക്കിംഗിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ താഴ്ചയിൽ നസീർ ആർടിഒ ക്ക് പരാതി നൽകി.