കായംകുളം : വള്ളികുന്നത്ത് കിടപ്പ് മുറിയിൽ കഴിഞ്ഞദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ 19 കാരിയായ സുചിത്രയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൈനികനായ ഭർത്താവ് വിഷ്ണുവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
വിഷ്ണുവിൻ മാതാവ് ഉൾപ്പടെയുള്ള ബന്ധുക്കളെയും പോലീസ് വീണ്ടും ചോദ്യം ചെയ്യും.സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും സുചിത്രയുടെ മാതാപിതാക്കളായ കായംകുളം കൃഷ്ണപുരം വടക്ക് കൊച്ചുമുറിയിൽ സുനിൽ നിവാസിൽ സുനിൽ -സുനിത ദമ്പതികൾ ആവശ്യപ്പെട്ടിരുന്നു.
മകൾ സുചിത്ര സ്വയം ജീവനൊടുക്കില്ലന്നും അവളെ കൊന്നതാണന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മാതാപിതാക്കൾ പരാതിയുമായി രംഗത്തെത്തിയിരുന്നു .ഇതേ തുടർന്നാണ് സൈനികനായ ഭർത്താവ് ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്യാൻ പോലീസ് നീക്കം ആരംഭിച്ചത്.
മകളെ കൊന്ന് കെട്ടി തൂക്കിയതാണന്നും ഭർതൃ മാതാവും പിന്നെ മറ്റൊരാളും പിന്നിലുണ്ടന്നും സുചിത്രയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു . സ്വര്‍ണ്ണത്തിനും കാറിനും പുറമെ വിഷ്ണുവിൻറ്റെ സഹോദരിക്ക് പത്ത് ലക്ഷം രൂപയുടെ ബാധ്യത ഉണ്ടെന്നും അതിനാൽ പത്ത് ലക്ഷം രൂപ കൂടി വേണമെന്ന് സൈനികനായ ഭർത്താവ് വിഷ്ണുവും അവരുടെ മാതാപിതാക്കളും നിരന്തരം ആവശ്യപ്പെട്ടിരുന്നതായും സ്ത്രീധനത്തിന്റെ പേരില്‍ മകളെ നിരന്തരം പീഡിപ്പിച്ചതായും മാതാപിതാക്കൾ മൊഴി നൽകിയിട്ടുണ്ട് .
മൂന്ന് മാസം മുമ്പ് വിവാഹം ചെയ്ത് അയച്ച മകളുടെ അപ്രതീക്ഷിത വേര്‍പാടിന്റെ കാരണങ്ങളും ദുരൂഹതകളും കണ്ടെത്തണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. . കുടുംബം ഉന്നയിക്കുന്ന സ്ത്രീധനപീഢന ആരോപണങ്ങളും മൊഴികളും മുൻ നിർത്തിയാണ് വള്ളികുന്നം പൊലീസ് കേസ് അന്വേഷിക്കുന്നത്.