വാഷിംഗ്ടൺ ഡിസി: ഇറാന്റെ പിന്തുണയോടെ ഇറാക്കിലും സിറിയയിലും പ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പുകളുടെ താവളങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം നടത്തി.
ഇറാക്കിലെ അമേരിക്കൻ സേനാകേന്ദ്രങ്ങൾ ആക്രമിക്കുന്നതിനു മറുപടിയാണിതെന്ന് പെന്റഗൺ വൃത്തങ്ങൾ വാഷിംഗ്ടൺ ഡിസിയിൽ അറിയിച്ചു.
ഇറാന്റെ സഹായത്താൽ പ്രവർത്തിക്കുന്ന കതീബ് ഹിസ്ബുള്ള, കതീബ് സയ്യിദ് അൽ ഷൂര എന്നീ ഗ്രൂപ്പുകളുടെ ഇറാക്ക് -സിറിയ അതിർത്തിയിലെ മൂന്നു കേന്ദ്രങ്ങളിൽ യുഎസ് യുദ്ധവിമാനങ്ങൾ മിസൈലുകൾ പ്രയോഗിക്കുകയായിരുന്നു.
ആയുധസംഭരണ കേന്ദ്രങ്ങളും ഒളിത്താവളങ്ങളുമാണ് ഇവയെന്ന് പെന്റഗൺ അറിയിച്ചു.
ആക്രമണത്തിൽ എത്രപേർ മരിച്ചുവെന്നതിൽ വ്യക്തതയില്ല. നാലു പേർ കൊല്ലപ്പെട്ടതായി, ഇറാക്കിലെ സായുധ ഗ്രൂപ്പുകളുടെ സഖ്യമായ പോപ്പുലർ മൊബിലൈസേഷൻ ഫ്രണ്ട് അറിയിച്ചു.
സിറിയൻ അതിർത്തിയിൽ ഒരു കുട്ടി മരിച്ചതായി അവിടുത്തെ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ജോ ബൈഡൻ യുഎസ് പ്രസിഡന്റായി ജനുവരിയിൽ അധികാരമേറ്റശേഷം ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾക്കു നേർക്കു നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്.
ഇറാക്കിൽ 2,500 യുഎസ് സൈനികരാണ് അവശേഷിക്കുന്നത്. ഇവരുടെ താവളങ്ങൾ ലക്ഷ്യമിട്ട് സായുധ ഗ്രൂപ്പുകൾ ഡ്രോൺ, മിസെെൽ ആക്രമണങ്ങൾ നടത്തുന്നത് പതിവാണ്.
ഏപ്രിൽ മുതൽ അഞ്ചു തവണ ഡ്രോൺ ആക്രമണങ്ങൾ നടന്നു.
അതേസമയം, വ്യോമാക്രമണത്തെ ഇറാഖി സൈന്യം അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരം ലംഘിക്കപ്പെട്ടതായി പട്ടാള വക്താവ് ജനറൽ യഹിയ റസൂൽ ട്വീറ്റ് ചെയ്തു.
അമേരിക്കയുടെ വൈകാരിക പ്രതികരണം സ്ഥിതിഗതികൾ വഷളാക്കുകയേ ഉള്ളൂവെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.