ബുഡാപെസ്റ്റ് (ഹംഗറി): യൂറോ കപ്പ് 2020 ഫുട്ബോളിന്റെ പ്രീക്വാർട്ടറിൽ ചെക് റിപ്പബ്ലിക്കിനോടു പരാജയപ്പെട്ട് ഹോളണ്ട് പുറത്തായതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മത്യാസ് ഡി ലൈറ്റ്.
ഹോളണ്ട് പ്രതിരോധനിരക്കാരനായ ഡി ലൈറ്റ് 55-ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായതായിരുന്നു മത്സരത്തിൽ വഴിത്തിരിവായത്.
‘എന്റെ പിഴവുകൊണ്ടാണ് ഞങ്ങൾ തോറ്റത്. മത്സരത്തിൽ അതുവരെ ആധിപത്യം ഞങ്ങൾക്കായിരുന്നു’- ഡി ലൈറ്റ് പറഞ്ഞു.
52-ാം മിനിറ്റിൽ ചെക് സ്ട്രൈക്കർ പാട്രിക് ഷീക്കിന്റെ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ ഡി ലൈറ്റ് ബോക്സിനു തൊട്ടുപുറത്തുവച്ച് വഴുതിവീണു.
വീണ്ടും മുന്നേറാൻ ഷീക്ക് ശ്രമിക്കുന്നതിനിടെ വീണുകിടന്ന ഡി ലൈറ്റ് പന്ത് കൈകൊണ്ട് തടഞ്ഞു. ആദ്യം മഞ്ഞക്കാർഡ് ആയിരുന്നു റഫറി വിധിച്ചത്.
എന്നാൽ, വിഎആറിലൂടെ ഡി ലൈറ്റിന് 55-ാം മിനിറ്റിൽ ചുവപ്പുകാർഡ് നൽകുകയായിരുന്നു. അതോടെ 10 പേരായി ചുരുങ്ങിയ ഹോളണ്ടിനെതിരേ തോമസ് ഹോൾഷും (68’), പാട്രിക് ഷീക്കും (80’) ഗോൾ നേടി.
ഗ്രൂപ്പ് ഘട്ടത്തിൽ മിന്നും പ്രകടനം കാഴ്ചവച്ചെത്തിയ ഹോളണ്ടിന്റെ മുന്നേറ്റത്തിന് ചെക് റിപ്പബ്ലിക് ചെക്ക് വച്ചു.
യൂറോ ചാന്പ്യൻഷിപ്പ് ചരിത്രത്തിൽ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു ജയത്തോടെ പ്രീക്വാർട്ടറിലെത്തിയശേഷം നിശ്ചിത സമയത്ത് (90 മിനിറ്റ്) പരാജയപ്പെട്ട് പുറത്താകുന്ന ആദ്യടീമാണ് ഹോളണ്ട്.
2014 ലോകകപ്പിനുശേഷം ഹോളണ്ടിന്റെ ആദ്യ നോക്കൗട്ട് മത്സരമായിരുന്നു.