പഴയന്നൂർ: കാണാതായ വടക്കേത്തറ സ്വദേശിനിയായ യുവതിയെക്കുറിച്ച് ഒരു വർഷം കഴിഞ്ഞിട്ടും കണ്ടെത്താനാവാതെ പോലീസും നാട്ടുകാരും.
വടക്കേത്തറ മുതലിമാർത്തറ പാലയ്ക്കപ്പറന്പിൽ രാമൻകുട്ടിയുടെ ഭാര്യ കാർത്തികയെയാണ് (33) ഒരു വർഷം പിന്നിട്ടിട്ടും കണ്ടെത്താൻ സാധിക്കാത്തത്.
2020 ജനുവരി 17ന് വീട്ടിൽ നിന്നും ഇറങ്ങിയ യുവതിയുടെ മൊബൈൽ ഫോണ് അന്നു ഓഫായശേഷം പിന്നീടൊരിക്കലും ഓൺ ആയിട്ടില്ല.
യുവതി പോകാൻ ഇടയുള്ള സ്ഥലങ്ങളിൽ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. പാലക്കാട് കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഒരു തുന്പുമില്ലാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ്.
പഴയന്നൂർ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നില്ലെന്നു കണ്ട കാർത്തികയുടെ അമ്മ സരോജിനി ജില്ലാ പോലീസ് മേധാവിക്കു വേറൊരു പരാതിയും നൽകിയിരുന്നു.
കേസന്വേഷണം നടക്കുന്നതിനിടയിൽ വീടിനുസമീപം ഒരിക്കൽ കണ്ടതായി ഭർത്താവും മക്കളും പോലീസിനെ അറിയിച്ചിരുന്നു. പിന്നീട് യാതൊരു വിവരവുമില്ല. അന്വേഷണം നടക്കുന്നതായാണ് പഴയന്നൂർ സിഐ ജെ.നിസാമുദ്ദിൻ പറയുന്നത്.