തേഞ്ഞിപ്പലം: എട്ടു വർഷത്തോളമായി വൈദ്യുതിയില്ലാത്ത കുടുംബത്തിനു വീട്ടിൽ വൈദ്യുതിയുണ്ടെന്ന് ഒൗദ്യോഗിക രേഖ.
സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ റേഷൻ കാർഡിൽ തെറ്റായ വിവരം രേഖപ്പെടുത്തിയതിനാൽ വൈദ്യുതിക്കായുള്ള അപേക്ഷ കെഎസ്ഇബി നിരസിച്ചു.
തിരൂരങ്ങാടി കരിപറന്പ് കോട്ടുവലക്കാട് ചിറക്കൽ വീട്ടിൽ ബാബുവിന്റെ ഭാര്യ ലിജിലയുടെ പേരിലുള്ള റേഷൻ കാർഡിലാണ് ഉദ്യോഗസ്ഥർ തെറ്റായ വിവരം രേഖപ്പെടുത്തിയത്.
വീട്ടിലേക്ക് വൈദ്യുതി എത്തണമെങ്കിൽ ചുരുങ്ങിയതു മൂന്ന് വൈദ്യുതപോസ്റ്റുകളെങ്കിലും വേണം. ദാരിദ്യ്രരേഖയ്ക്കു മുകളിലുള്ള റേഷൻ കാർഡായതിനാൽ വൈദ്യുതിക്കായുള്ള അപേക്ഷ ആദ്യമേ പരിഗണിക്കപ്പെട്ടില്ല.
പിന്നീട് റേഷൻ കാർഡ് ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള വിഭാഗത്തിലേക്കു മാറ്റിയെങ്കിലും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ റേഷൻ കാർഡിൽ വൈദ്യുതീകരിച്ച വീടെന്ന് രേഖപ്പെടുത്തി.
ഇതോടെ കെഎസ്ഇബിയിൽ വൈദ്യുതിയ്ക്കായി രണ്ടാമതായി നൽകിയ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു.
സുഹൃത്തിന്റെ ഗുഡ്സ് ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ടാണ് മൂന്നുകുട്ടികളുടെ പഠനവും കുടുംബത്തിന്റെ മറ്റു ചെലവുകളും ബാബു നിർവഹിക്കുന്നത്.
ലോക്ഡൗണ്‍ കാലത്ത് തൊഴിൽ ഇല്ലാതെ ഇവരുടെ ജീവിതം തീർത്തും പ്രതിസന്ധിയിലായിരിക്കുകയാണ്. ഓട്ടോയുടെ ബാറ്ററിയിൽ നിന്നാണ് രാത്രികാലങ്ങളിൽ കുട്ടികളുടെ പഠനത്തിനും മറ്റു വീട്ടാവശ്യങ്ങൾക്കുമായി ബാബു വെളിച്ചമെടുക്കുന്നത്. ഒന്നര വർഷത്തോളമായി ഇങ്ങനെയാണ് കുട്ടികളുടെ പഠനം.
ഓണ്‍ലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിന് ഫോണ്‍ ചാർജ് ചെയ്യുന്നതിന് കുടുംബ വീടുകളിലും പോകണം.വയലിനോടു ചേർന്ന സ്ഥലത്ത് വീടായതിനാൽ ഇഴജന്തുക്കളുടെ ശല്യം പല ദിവസങ്ങളിലും ഇവരുടെ ഉറക്കം കെടുത്താറുണ്ട്.
രാത്രികാലങ്ങളിൽ വേണ്ടത്ര വെളിച്ചമില്ലാത്തതിനാൽ ആശങ്കയിലാണെന്നു വീട്ടമ്മയായ ലിജിഷയും പറയുന്നു.
സന്പൂർണ വൈദ്യുതീകരണം സാധ്യമാക്കിയെന്ന് സർക്കാരും തദേശ സ്ഥാപനങ്ങളും അവകാശപ്പെടുന്പോഴാണ് ബാബുവിന്റെയും കുടുംബത്തിന്റെയും ഈ ദുരവസ്ഥ.