നെന്മാറ: ഫാമിന്റെ മറവിൽ ചാരായം വാറ്റുന്നുവെന്ന വിവരത്തിൽ നടത്തിയ പരിശോധനയിൽ 60 ലിറ്റർ വാഷും അരലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി.
നെന്മാറ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എലവഞ്ചേരി പടിഞ്ഞാമുറിയിലെ ഫാമിൽ നിന്നാണ് ഞായറാഴ്ച രാത്രിയിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്.
സംഭവത്തിൽ ഡിവൈഎഫ്ഐ നെന്മാറ രണ്ട് മേഖല സെക്രട്ടറി ഉണ്ണിലാൽ(31) ഉൾപ്പെടെ മൂന്നു പേർക്കെതിരെ കേസെടുത്തു. എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയതും ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.
പടിഞ്ഞാമുറിയിൽ ഭൂമി പാട്ടത്തിനെടുത്ത് പോത്തു വളർത്തുന്ന ഫാമാണ് ഉണ്ണിലാലിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്. രാത്രിയിൽ ഉൾപ്പെടെ നിരവധി വാഹനങ്ങൾ വന്നുപോകുന്നുവെന്ന പ്രദേശവാസികളുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം രാത്രി എക്സെസ് അധികൃതർ പരിശോധനയ്ക്ക് എത്തിയത്.
പരിശോധനയിൽ വ്യാജ മദ്യ നിർമ്മാണത്തിനായി തയ്യാറാക്കിയ 60 ലിറ്റർ വാഷും അര ലിറ്റർ ചാരായവും കണ്ടെടുത്തത്. കൂടാതെ വാറ്റാൻ ഉപയോഗിച്ച് ഉപകരണങ്ങളും, പാത്രങ്ങളും ഉൾപ്പെടെ കണ്ടെടുത്തു.
പരിശോധനയ്ക്ക് എത്തിയതോടെ ഫാമിലുണ്ടായിരുന്ന ഉണ്ണിലാലും സംഘവും ഓടി രക്ഷപ്പെട്ടു. ഇവരെ പിടികൂടാനായില്ല. സംഭവത്തിൽ പാർട്ടി ഇടപെടൽ ശക്തമായതിനെ തുടർന്ന് ഉണ്ണിലാലിനെ ഒഴിവാക്കാനുള്ള ശ്രമവും ഉണ്ടായി.
ഒളിവിൽ കഴിയുന്ന ഉണ്ണിലാലിനായി അന്വേഷണം ഉൗർജ്ജിതമാക്കി.നെന്മാറ പോലീസ് സ്റ്റേഷനിൽ ഉണ്ണിലാലിനെതിരെ കൊലാപതക ശ്രമമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ഡിവൈഎഫ്ഐയിൽ നിന്ന് പുറത്താക്കി.
സംഘടനയ്ക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ നടത്തുകവഴി കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിൽ ഡിവൈഎഫ്ഐ നെന്മാറ രണ്ട് മേഖല സെക്രട്ടറി സ്ഥാനത്ത് നിന്നും കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ സെക്രട്ടറി ടി.എം.ശശി പറഞ്ഞു.
പകരം ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് പ്രസിഡന്റായിരുന്ന അജിത്തിന് ചുമതല നൽകുകയും ചെയ്തു. നിലവിൽ സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു.