സ്വന്തം ലേഖകൻ
തലശേരി: പതിനഞ്ചുകാരിയ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അതിസമ്പന്നനായ വ്യാപാര പ്രമുഖൻ റിമാൻഡിൽ. പ്രതിയെ രക്ഷിക്കാൻ ഉന്നതർ രംഗത്ത്. പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടു പോയത് ആഡംബര കാറിൽ.
പരിശോധനക്കെത്തിച്ച പ്രതിയെ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കിടത്തിയത് ഏഴ് മണിക്കൂർ. പോക്സോ കേസിലെ പ്രതിക്കു സമാനതകളില്ലാത്ത സൗകര്യങ്ങൾ ലഭിച്ചതായും ആരോപണം.
ഇന്നലെ അറസ്റ്റിലായ ഷറാറ ഗ്രൂപ്പ് ഉടമ തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീനെ (68) യാണ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഓൺലൈനായി കണ്ണൂർ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തത്.
ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇയാളെ ഇന്നു പുലർച്ചയോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഷറാറ ബംഗ്ലാവ്
പ്രതിയെ പിടികൂടാൻ ഇന്നലെ ഉച്ചയോടെ കുയ്യാലി ഷറാറ ബംഗ്ലാവിലെത്തിയ പോലീസ് സംഘത്തെ ഇലക്ട്രോണിക് ഗേറ്റ് അടച്ചിട്ട് പ്രതിയും കുടുംബാംഗങ്ങളും തടഞ്ഞു.
സിഐയുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വീട്ടിൽനിന്നു പോലീസ് വാഹനത്തിൽ കയറാൻ വിസമ്മതിച്ച പ്രതി ഒടുവിൽ മക്കളോടൊപ്പം ആഡംബര കാറിലാണ് സ്റ്റേഷനിലെത്തിയത്.
തുടർന്ന് ഇയാളെ തലശേരി ജനറൽ ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കിയിരുന്നു. പരിശോധനയിൽ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇയാളെ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്ത ശേഷം സബ് ജയിലിനുള്ളിൽ കയറ്റാതെ പരിയാരത്തേക്കു കൊണ്ടു പോകുകയായിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെ ജനറൽ ആശുപത്രിയിലെത്തിച്ച പ്രതിയെ ഏഴ് മണിക്കൂറുകളോളം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കിടത്തുകയും കുടുംബാംഗങ്ങൾക്ക് കൂടെ നിൽക്കാൻ അവസരം ഒരുക്കിയതായും ആരോപണം ഉയർന്നിട്ടുണ്ട്.
മണിക്കൂറുകൾ ആശുപത്രിയിൽ
ഉന്നതന്റെ സമ്മർദത്തെ തുടർന്നാണ് പ്രതിയെ മണിക്കൂറുകളോളം അത്യാഹിത വിഭാഗത്തിൽ കിടത്തിയതെന്നാണ് റിപ്പോർട്ട്.
രാത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്ക് എത്തിയ വനിതാ ഡോക്ടർ പോക്സോ കേസിലെ പ്രതിയെ അനിശ്ചിതമായി അത്യാഹിത വിഭാഗത്തിൽ കിടത്തുന്നതിൽ ആശങ്കപ്പെടുകയും ചെയ്തതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വാർത്ത വിശദമായി ഇന്നലെ രാഷ്ട്രദീപിക പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത വന്നതിനു തൊട്ടു പിന്നാലെ ധർമടം സി ഐ അബ്ദുൾ കരീം എസ്ഐ രവി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കയ്യാലിയിലെ ഷറാറ ബംഗ്ലാവിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മറ്റൊരു സംഭവത്തിൽ കുട്ടിയുടെ ഇളയമ്മയുടെ ഭർത്താവിനെ കതിരൂർ സിഐ സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാർച്ച് 25 നാണ് ഷറാറ ഷറഫു പ്രതിയായ കേസിനാസ്പദമായ സംഭവം നടന്നത്. കതിരൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയും ഭാര്യയും ചേർന്നു പെൺകുട്ടിയെ ധർമടത്തെ വീട്ടിൽനിന്ന് ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടു വരികയായിരുന്നു.
ഇളയമ്മക്ക് പല്ല് വേദനയാണെന്നും ഡോക്ടറെ കാണിക്കാൻ കൂടെ വരണമെന്നും പറഞ്ഞാണ് പ്രതികൾ പെൺകുട്ടിയെ സൂത്രത്തിൽ ഓട്ടോറിക്ഷയിൽ കയറ്റിയത്. തുടർന്ന് ഇവർ കുയ്യാലിയിലെ ഷറഫുവിന്റെ വീട്ടിൽ എത്തിച്ചു പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
പതിനഞ്ചുകാരിയെ ഇളയമ്മയും ഭർത്താവും ചേർന്ന് സമ്പന്നന് കാഴ്ചവച്ചു; കുട്ടിയെ കിട്ടാൻ സമ്പന്നൻ വാഗ്ദാനം ചെയ്തത് വീടും പണവും; ഇളയമ്മയുടെ ഭർത്താവ് അറസ്റ്റിൽ; ഞെട്ടിക്കുന്ന സംഭവം തലശേരിയിൽ