കാഞ്ഞിരപ്പള്ളി: ’’ഞാൻ മരിക്കണോ അമ്മേ, ഞാൻ നന്നായി പഠിക്കുന്നതല്ലേ…’’ മരണത്തിലേക്കു തള്ളി വിടും മുന്പ് പന്ത്രണ്ട് വയസുകാരിയായ മകൾ ഷംന തന്റെ അമ്മ ലൈജീനയോടു ചോദിച്ച അവസാന വാക്കുകൾ ഇതായിരുന്നു.
കഴിഞ്ഞ ദിവസമാണ് കൂട്ടിക്കൽ, കണ്ടത്തിൽ (കൊപ്ലിയിൽ) ഷെമീറിന്റെ മകൾ ഷംന(12)യെ കഴുത്തിൽ ഷാൾ കുരുക്കി അമ്മ ലൈജീന (34) കൊലപ്പെടുത്തിയത്.
മരിക്കുന്നതിനു താൻ നൽകിയ ഉറക്കഗുളിക കഴിക്കും മുന്പ് മകൾ ഷംന ചോദിച്ച അവസാന വാക്കുകളെക്കുറിച്ച് മാതാവ് ലൈജീനയാണ് പോലീസിന് മൊഴി നൽകിയത്.
കൂട്ടിക്കൽ ജുമാമസ്ജിദിൽ ഷംനയെ ഇന്നലെ കബറടക്കി. വീടിനു മുന്പിലെ റോഡരുകിൽ ആംബുലൻസിലെത്തിച്ച മൃതദേഹം ബന്ധുക്കൾക്കും അയൽവാസികൾക്കുമായി പൊതു ദർശനത്തിനു വച്ചിരുന്നു.
മകളുടെ മരണവിവരമറിഞ്ഞ് പിതാവ് ഷമീർ ഇന്നലെ പുലർച്ചെ വിദേശത്തു നിന്നു നാട്ടിലെത്തിയിരുന്നു.കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്ത് കണ്ടത്തിൽ (കൊപ്ലി) ഷെമീന്റെ ഭാര്യയാണ് ലൈജീന, മകൾ ഷംന.
ഷെമീർ ദീർഘകാലമായി വിദേശത്തു ജോലിയിലായതിനാൽ ലൈജീനയും ഷംനയും മാത്രമായിരുന്നു താമസം. പുലർച്ചെ നാലോടെ കിണറ്റിൽ നിന്നു ലൈജീനയുടെ നിലവിളി കേട്ടാണ് അയൽവാസികളും ബന്ധുക്കളും ഓടിയെത്തിയത്.
മകളെ കൊന്നെന്നും താൻ ആത്മഹത്യക്കായി കിണറ്റിൽ ചാടിയതാണന്നും ഇവർ പറഞ്ഞു. ഇതോടെ ബന്ധുക്കൾ വീടിനുളളിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിൽ കണ്ടത്.
ഉടൻ തന്നെ മുപ്പത്തിയഞ്ചാംമൈലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലൈജീനയെ കാഞ്ഞിരപ്പളളി അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തിയ ശേഷം സ്വകാര്യാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിൽ പ്രവശിപ്പിച്ചു.
മരിച്ചത് ശ്വാസം മുട്ടി
ഷംനയുടെ മരണം കഴുത്തുഞെരിച്ചു ശ്വാസം മുട്ടിയതിനാലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ ഫോറൻസിക് മെഡിക്കൽ ഓഫീസർ ഡോ.സന്തോഷ് ജോയ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കുട്ടിയുടെ തലയുടെ മുകൾ ഭാഗത്ത് ചെറിയ ചതവും കണ്ടെത്തിയിട്ടുണ്ടെന്നും ഡോ. സന്തോഷ് ജോയ് പറഞ്ഞു. ഷംനയെ കൊലപ്പെടുത്തിയതെന്ന് കരുതുന്ന മാതാവ് ലൈജീനയെ ഇന്നു അറസ്റ്റ് ചെയ്തേക്കും.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് ലൈജീനയ്ക്കു മനോരോഗം ഉണ്ടെന്ന് പറയുന്നതിനാൽ മെഡിക്കൽ കോളേജിലെ മനോരോഗ വിഭാഗത്തിലും ഇവരെ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആത്മഹത്യാ കുറിപ്പ് ലഭിച്ചു
ഇവരുടെ വീട്ടിൽനിന്ന് ആത്മഹത്യ കുറിപ്പു ലഭിച്ചിട്ടുണ്ട്. താൻ മകളെ കൊണ്ടു പോവുകയാണെന്നും ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചു സുഖമായി ജീവിക്കണമെന്നും കുറിപ്പിലെഴുതിയിരുന്നു.
ഷംനയുടെ മൃതദേഹത്തിനരികെ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പിൽ ആർക്കെതിരേയും പരാമർശമില്ലെന്ന് പോലീസ് വ്യക്തമാക്കി. മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ഷംന.