ആഗ്ര: വ്യവസായിയുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഘം മൃതദേഹം കോവിഡ് ബാധിച്ചു മരിച്ചവരുടെ കൂട്ടത്തിൽ സംസ്കരിച്ചു.
കോൾഡ് സ്റ്റോറേജ് ഉടമ സുരേഷ് ചൗഹാന്റെ മകനായ സച്ചിനെ (23)യാണ് സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള സംഘം തട്ടിക്കൊണ്ടുപോയത്. രണ്ടു കോടി രൂപയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്.
തുടർന്ന് കാറിനുള്ളിൽവച്ച് യുവാവിനെ സംഘം കൊലപ്പെടുത്തി. മൃതദേഹം ബാഗിലാക്കി പിപിഇ കിറ്റ് ധരിച്ച് ശ്മശാനത്തിൽ എത്തിച്ചു.
കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം എന്ന വ്യജേനയാണ് ഇവർ ശ്മശാനത്തിൽ എത്തിച്ചത്. സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
എട്ടുദിവസം മുന്പ് വൈകുന്നേരം നടക്കാനിറങ്ങിയപ്പോഴാണ് സച്ചിനെ ഈ സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകി.
അതിനിടെയാണ് രണ്ടുകോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമി സംഘം ഇവരുടെ വീട്ടിലേക്ക് ഫോണ് ചെയ്തത്. പോലീസിനും ഫോണ് കോൾ വന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഹാപ്പി കൃഷ്ണ എന്നയാളെ അറസ്റ്റു ചെയ്യാൻ കഴിഞ്ഞത്. ഇയാളിൽനിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. വൈകാതെ കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു.
കേസിലെ ഒരു പ്രതിയായ ഹർഷ് ചൗഹാൻ എന്നയാൾക്ക് സുരേഷ് ചൗഹാനുമായി ബിസിനസ് ബന്ധങ്ങൾ ഉണ്ടായിരുന്നു.
ഇയാൾക്ക് കോവിഡ് സാഹചര്യത്തിൽ കടുത്ത സാന്പത്തിക പ്രതിസന്ധിയുണ്ടായി. അങ്ങനെ ഇയാളാണ് തട്ടിക്കൊണ്ടുപോകൽ പദ്ധതി ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.